നാലാലുംകുന്ന് പട്ടിക്കാംതോടിനു കുറുകേയുള്ള പാലം അപകടത്തിൽ; പരാതിയെ തുടർന്ന് നഗരസഭ എ.ഇ. സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി

ചെർപ്പുളശ്ശേരി: തൂത നാലാലുംകുന്ന് പട്ടിക്കാംതോടിനു കുറുകേയുള്ള പാലം അപകടത്തിൽ; പരാതിയെ തുടർന്ന് ചെർപ്പുളശേരി നഗരസഭ എ.ഇ. സ്ഥലം സന്ദർശിച്ചു. പാലത്തിന്റെ തൂണുകളിലെ കല്ലുകൾ അടർന്നു വീണ സ്ഥിതിയിൽ ആയതിനെത്തുടർന്നു, സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്ന് ഒപ്പുശേഖരിച്ചു നഗരസഭ ഭരണസമിതിക്ക് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഭരണസമിതി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ശനിയാഴ്ച നഗരസഭ അസിസ്റ്റൻറ് എൻജിനീയർ പാലത്തിൻറെ നിലവിലുള്ള സ്ഥിതി പരിശോധിക്കാൻ നേരിട്ട് എത്തിയത്.
സിപിഐഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭ ചെയർമാനുമായ പി.രാമചന്ദ്രൻ, സിപിഐഎം ലോക്കൽ സെക്രട്ടറി എം.സിജു, സിപിഐഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ വി.വിനോദ്, ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ കെടി പ്രമീള, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.സുരേഷ്, എൻ.രാജീവ്മാസ്റ്റർ, കെ.രജീഷ്, സിപിഐഎം നാലാലുംകുന്ന് ബ്രാഞ്ച് സെക്രട്ടറി ടിപി.സുബ്രമഹ്ണ്യൻ, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് കെ.ദിനീഷ്, നാട്ടുകാർ എന്നിവരും പാലത്തിന്റെ സ്ഥിതി സന്ദർശിക്കാൻ ഉണ്ടായിരുന്നു. പാലത്തിന്റെ തൂണിലെ കല്ലുകൾ അടർന്നു വീണത് ഗൗരവമാണെന്ന് എഇ പറഞ്ഞു. പാലത്തിന്റെ നിലവിലുള്ള സ്ഥിതി കൃത്യമായി വിലയിരുത്തി അപകടം ഉണ്ടാകാതിരിക്കാൻ ഉള്ള മുൻകരുതൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്ന് സിപിഐഎം ലോക്കൽ സെക്രട്ടറി എം.സിജു പറഞ്ഞു. ഇക്കാര്യത്തിൽ നഗരസഭ ഭരണസമിതി യോഗം ചർച്ച ചെയ്യുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ പി.രാമചന്ദൻ, കൗൺസിലർമാരായ വി വിനോദ്, കെടി.പ്രമീള എന്നിവർ അറിയിച്ചു.