ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുക ലക്ഷ്യം: മന്ത്രി ആർ. ബിന്ദു**

  1. Home
  2. KERALA NEWS

ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുക ലക്ഷ്യം: മന്ത്രി ആർ. ബിന്ദു**

ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുക ലക്ഷ്യം: മന്ത്രി ആർ. ബിന്ദു**


വല്ലപ്പുഴ.  ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ ബഡ്‌സ് റിഹാബിലിറ്റേഷന്‍ കെട്ടിടമായ വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ "സ്‌നേഹ ഭവന"ത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തീവ്ര ഭിന്നശേഷി പ്രശ്നങ്ങളും മാനസിക ബൗദ്ധിക വെല്ലുവിളികളും നേരിടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും സഹായകരമായി  ഒന്നിച്ച് താമസിപ്പിക്കുന്ന അസിസ്റ്റീവ് വില്ലേജുകൾ സംസ്ഥാനത്തെ നാല് ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ ആരംഭിക്കുമെന്നും ഇത്തരം കേന്ദ്രങ്ങളിൽ അവർക്ക് എല്ലാ പിന്തുണയും തെറാപ്പി, ഹെൽത്ത് സെന്റർ, തൊഴിൽ പരിശീലനം, ശാക്തീകരണം എന്നിവ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരെ ആത്മവിശ്വാസം ഉള്ളവരാക്കാനും സ്വന്തം കാലിൽ നിൽക്കാനും തൊഴിലിലേക്ക് നയിക്കുന്നതിനും വേണ്ടി സാമൂഹ്യനീതി വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. അവ പ്രയോജനപ്പെടുത്തണം. ഭിന്നശേഷിക്കാരെ തുടക്കത്തിൽ തന്നെ ശ്രദ്ധിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കി തിരുത്തി വ്യതിയാനം ശരിയാക്കി മുന്നോട്ടു പോകാൻ ഏർലി ഡിറ്റക്ഷൻ സെന്ററുകൾ എല്ലാ ജില്ലയിലും ആരംഭിക്കും. എല്ലാ പൊതു സ്വകാര്യ ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കും. കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ശുചിമുറികളിലും ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കും. ബസ് യാത്ര ഭിന്നശേഷി സൗഹൃദം ആക്കാനുള്ള മാതൃക കെ.എസ്.ആർ.ടി.സിക്ക് സമർപ്പിച്ചിട്ടുണ്ട്. വല്ലപ്പുഴ പഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ എണ്ണം കൂടുന്നത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തി കാരണം കണ്ടെത്താൻ സാമൂഹ്യനീതി വകുപ്പ് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വല്ലപ്പുഴ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള സ്‌നേഹഭവനത്തില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ ലത്തീഫ്,
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ , സാമൂഹ്യനീതി വകുപ്പ് ഓഫീസർ കെ.എം ഷെരീഫ് ഷൂജ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ബി.എസ് മനോജ്, പാലക്കാട് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേഷ് ചന്ദ്രന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു. തുടർന്ന് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനമേള, കലാപരിപാടികൾ എന്നിവയും നടന്നു.