കുഞ്ചനെ അടുത്തറിയാൻ തുഞ്ചന്റെ മണ്ണിൽ നിന്ന് കുട്ടി കൂട്ടം എത്തി

ഒറ്റപ്പാലം: പഠിക്കുന്ന പാഠഭാഗങ്ങളിൽ മലയാളഭാഷയെ കൂടെ നിർത്തുന്നിടത്ത് കുഞ്ചൻ നമ്പ്യാരെ അടുത്തറിയാൻ തുഞ്ചന്റെ മണ്ണിൽ നിന്ന് കുട്ടി കൂട്ടം എത്തി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചരിത്രത്തിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം എന്ന ആശയത്തിലൂന്നിയാണ് മലപ്പുറം എടപ്പാൾ കോട്ടൂർ ഹയർസെക്കന്ററി സ്ക്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം മഹാകവി കുഞ്ചന്റെ മണ്ണിലേയ്ക്ക് എത്തിയത്.
കവിഗൃഹമായ കലക്കത്ത് ഭവനം സന്ദർശിച്ച ശേഷം കുഞ്ചൻ സ്മാരക വായനശാലയും എഴുത്താണിയും ആദ്യമായി കണ്ട വിദ്യാർത്ഥികൾക്ക് ഇത് വിസ്മയം പടർത്തുന്ന അനുഭവമായിടത്ത് കല്യാണ സൗഗന്ധികം, രുഗ്മിണീ സ്വയംവരത്തിലെ ഊണിന്റെ മേളം, പുളുന്ദീമോക്ഷം പറയൻ തുള്ളലുകളെ കുറച്ച് പ്രസിദ്ധ തുള്ളൽ കലാകാരൻ രാജേഷ് കുഞ്ചൻ സ്മാരകത്തിന്റെ സോദാഹരണ ക്ലാസ് നടന്നു.
അദ്ദേഹത്തിന്റെ തുള്ളലും ആസ്വാദനം പടർത്തി. പ്രിയ കുഞ്ചൻ തുള്ളൽ കലാലയം, ഗോപിക തിരുവില്വാമല പാട്ടിലും, സതീശ് വെള്ളിനേഴി മൃദംഗത്തിലും അകമ്പടിയേന്തി. മലയാളം വിഭാഗം അധ്യാപകരായ ധന്യ സി.കെ, സറീന, ധന്യ .കെ, ശോഭന എന്നിവർ വിദ്യാർത്ഥകൾക്ക് ഒപ്പം എത്തി.

