മഴ അലർട്ടുകളില്‍ മാറ്റം; പത്തനംതിട്ട മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ

  1. Home
  2. KERALA NEWS

മഴ അലർട്ടുകളില്‍ മാറ്റം; പത്തനംതിട്ട മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ

M


തിരുവനന്തപുരം:* സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യത. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  അതി ശക്തമായ  മഴക്കും സാധ്യതയുണ്ട്. തുടർന്ന് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്താ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഗുജറാത്ത്  തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. മൺസൂൺ പാത്തിയുടെ പടിഞ്ഞാറൻ ഭാഗം നിലവിൽ  സാധാരണ സ്ഥാനത്തും മൺസൂൺ പാത്തിയുടെ കിഴക്കൻ ഭാഗം അസാധാരണ സ്ഥാനത്തത് നിന്നും  തെക്കോട്ടു മാറിയുമാണ് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി നിലവിൽ മധ്യ -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്രാപ്രാദേശിന്‌ സമീപത്തായാണ് നിലകൊള്ളുന്നത്.  കേരളത്തിലെ എല്ലാ ജില്ലകളിലും  ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മഴയ്ക്ക്  സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും കുട്ടനാട് താലൂക്കിലും ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എം ജി, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകി. കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും കടലാക്രമണം രൂക്ഷമാണ്. ഇടുക്കിയിലും കണ്ണൂരിലും രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. നാളെയോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.