തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആദ്യ ചാന്താട്ടം ശനിയാഴ്ച

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ഈ വർഷത്തെ ആദ്യ ചാന്താട്ടം ശനിയാഴ്ച നടക്കും. ദേവിയുടെ ദാരുവിഗ്രഹത്തിന്റെ ഉറപ്പും തിളക്കവുംകൂട്ടി ചൈതന്യം വർധിപ്പിക്കാനാണ് കൊല്ലംതോറും ചാന്താട്ടം നടത്തുന്നത്.
രാവിലെ 9.30-ന് പന്തീരടി പൂജയ്ക്കുശേഷം ചടങ്ങ് തുടങ്ങും. തയ്യാറാക്കിവെച്ച ചാന്ത്് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിക്കും. നവകം, പഞ്ചഗവ്യം എന്നിവ അർച്ചനാബിംബത്തിലും ചാന്ത് ദാരുബിംബത്തിലും അഭിഷേകംചെയ്യും. മാതൃശാലയിലെ ദാരുനിർമ്മിതമായ സപ്തമാതൃക്കൾക്കും ക്ഷേത്രപാലനും ചാന്തഭിഷേകമുണ്ട്. ഉച്ചപൂജയോടുകൂടി ചടങ്ങുകൾ സമാപിക്കും.
പ്രത്യേകതരം തേക്കിൽനിന്ന് മാസങ്ങൾക്കുമുൻപ് നടത്തുന്ന പ്രക്രിയയിലൂടെയാണ് ചാന്ത് തയ്യാറാക്കുന്നത്. ഒരുതവണ ചാന്താട്ടത്തിന് 15 ലിറ്റർ ചാന്ത് വേണം.