അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: ഈലാഫ് ഇഫ്താർ സംഗമം

അലനല്ലൂർ : എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാൻ രാഷ്ട്രീയ പ്രസംഗത്തിലെ പരാമർശങ്ങളിൽ പോലും സാധ്യത തേടുന്ന ഫാഷിസ്റ്റ് കാലത്ത് ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾക്ക് വിദ്യാർത്ഥികൾ നേതൃപരമായ പങ്ക് വഹിക്കണമെന്ന് അൽ ഹിക്മ അറബിക് കോളേജ് വിസ്ഡം സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ഈലാഫ് ഇഫ്താർ സംഗമം ആഹ്വാനം ചെയ്തു. സമരപോരാട്ടങ്ങൾക്ക് എന്നും വിളനിലമായിരുന്നതും ഊർജ്ജം പകർന്നതും കലാലയങ്ങളാണ്. സ്വാതന്ത്ര കാലത്തെ അനുകരിച്ച് ഐക്യശ്രമങ്ങൾ രൂപപ്പെടേണ്ട സാഹചര്യമാണിന്നെന്നും സംഗമം അഭിപ്രായപ്പെട്ടു.
ലഹരി മോചനത്തിന് ക്യാംപസുകളിൽ ഫലപ്രദമായ കർമ്മപദ്ധതികൾ തയ്യാറാക്കണം. ക്യാംപസുകളിലെ ലഹരി ഉപഭോക്താക്കളല്ലാത്ത ഭൂരിഭാഗം വരുന്ന വിദ്യാർത്ഥികളെ ലഹരിക്കെതിരെ അണിനിരത്താനായാൽ, ക്യാമ്പസിൽ നടക്കുന്ന കുറഞ്ഞ ശതമാനം ലഹരി ഉപയോഗത്തിന് തടയിടാനാകും. ഫലപ്രദവും കാര്യക്ഷമവുമായ ലഹരി പ്രതിരോധ ബോധവത്കരണ പദ്ധതികൾക്ക് രൂപം നൽകാനും, പദ്ധതികൾക്ക് തുടർച്ച ഉണ്ടാവാനും ജാഗ്രത പുലർത്തണം. ലഹരിക്കെതിരായ ബോധവത്കരണ ശ്രമങ്ങൾക്കൊപ്പം വിദ്യാർത്ഥികളുടെ ക്രിയാത്മകത വർദ്ധിപ്പിക്കാനാവശ്യമായ ബോധപൂർവമായ ഇടപെടലുകൾ കൂടി ഉണ്ടാകണമെന്നും സംഗമം ചൂണ്ടിക്കാട്ടി.
മെഡിക്കൽ വിദ്യാർത്ഥികളിലുൾപ്പെടെ വലിയ അളവിൽ വിദ്യാർത്ഥികൾ ലഹരിക്കടിമകളാകുന്നത് ഭീതി ജനകമാണ്. വിഷയത്തെ ഗൗരവത്തിലെടുക്കണമെന്നും ഇടക്കാല ക്യാമ്പയിനുകൾ കൂടാതെ ദീർഘകാല പ്ലാനുകൾ ഉണ്ടാവണമെന്നും സംഗമം കൂട്ടി ചേർത്തു.
വിദ്യാർത്ഥികൾക്കിടയിൽ ഉയരുന്ന അരാഷ്ട്രീയ വാദ പ്രവണത അഭിലഷണീയമല്ല. വിദ്യാർത്ഥി തലമുറയിൽ ജനാധിപത്യ ബോധം ജനിപ്പിക്കാനും സാമൂഹ്യ പ്രതിബദ്ധത വളർത്താനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണമെന്നും സംഗമം ആവശ്യമുയർത്തി.
സംഗമം വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ റിഷാദ് അൽ ഹികമി അധ്യക്ഷനായി.
പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് ബിൻ സലീം, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഷൗക്കത്തലി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, കോളേജ് ചെയർമാൻ അബ്ദുൽ കബീർ ഇരിങ്ങൽതൊടി, എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, അലനല്ലൂർ മണ്ഡലം സെക്രട്ടറി എം സുധീർ ഉമ്മർ, വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി സുൽഫീക്കർ പാലക്കാഴി, ജില്ലാ വൈസ് ടി.കെ ഷഹീർ അൽ ഹികമി, എം അബ്ദുൽ സലാം മാസ്റ്റർ, ഷംഷാദ് അൽ ഹികമി കണ്ണൂർ, ആസിഫ് അൽ ഹികമി ഈരാറ്റുപേട്ട, ഇ അസ്‌ലം പാലക്കടവ്, അമീൻ അഹ്‌മദ് മങ്കട എന്നിവർ പ്രസംഗിച്ചു.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെ സംഗമത്തിൽ അനുമോദിച്ചു.