കല്‍പ്പാത്തി സംഗീതോത്സവം കര്‍ണാടക സംഗീതത്തിന്റെ ഗതകാല പ്രൗഡി വീണ്ടെടുക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന് തുടക്കം

പാലക്കാട്. കർണ്ണാടക സംഗീതത്തിന്റെ ഗതകാല പ്രൗഢി വീണ്ടെടുക്കുകയാണ് കല്‍പ്പാത്തി ദേശീയ സംഗീതോത്സവം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കല്‍പ്പാത്തിയില്‍ ആരംഭിച്ച ദേശീയ സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ണാടക സംഗീതത്തിന്റെ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കിയ പാലക്കാട്ടുകാരായ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, എം.എസ് മണി അയ്യര്‍, എം.ടി രാമനാഥന്‍ എന്നിവരെയും തുടര്‍ന്ന് വന്ന ഗായകരെയും അനുസ്മരിക്കുക എന്നത് പ്രസക്തമാണ്.
ഭാരതത്തിലെ പ്രമുഖരായ സംഗീതജ്ഞരെ ക്ഷണിച്ച് നടത്തുന്ന കല്‍പ്പാത്തി ദേശീയ സംഗീതോത്സവം കര്‍ണാടക സംഗീതത്തിലെ പുതിയ ധാരകള്‍ കൂടി പരിചയപ്പെടുത്തുകയും അതോടൊപ്പം ദേശീയോദ്ഗ്രന്ഥനത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. സംഗീതം മനുഷ്യ മനസിനെ നിര്‍മലമാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, സംഗീതോത്സവം സംഘാടക സമിതി ചെയര്‍മാന്‍ പി.എന്‍ സുബ്ബരാമന്‍, സ്വരലയ സെക്രട്ടറി ടി.ആര്‍ അജയന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, നഗരസഭ കൗണ്‍സിലര്‍മാരായ കെ.വി വിശ്വനാഥന്‍, വി. ജ്യോതിമണി, സുഭാഷ് കല്‍പ്പാത്തി, എല്‍.വി ഗോപാലകൃഷ്ണന്‍, സംഘാടക സമിതി കണ്‍വീനര്‍ പ്രകാശ് ഉള്ള്യേരി എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന ദിനമായ പുരന്തരദാസര്‍ ദിനത്തില്‍ ബേബി ശ്രീറാമിന്റെ സംഗീത കച്ചേരിക്ക് സുനിത ഹരിശങ്കര്‍ (വയലിന്‍), പാലക്കാട് എ.എം ഹരിനാരായണന്‍ (മൃദംഗം), ഉടുപ്പി ശ്രീകാന്ത് (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കി. നവംബര്‍ 13ന് കല്‍പ്പാത്തി ദേശീയ സംഗീതോത്സവം സമാപിക്കും.