തൃത്താലയില്‍ ഒരു ലക്ഷം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യും: മന്ത്രി എം.ബി രാജേഷ്

  1. Home
  2. KERALA NEWS

തൃത്താലയില്‍ ഒരു ലക്ഷം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യും: മന്ത്രി എം.ബി രാജേഷ്

തൃത്താലയില്‍ ഒരു ലക്ഷം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യും: മന്ത്രി എം.ബി രാജേഷ്


പാലക്കാട്‌. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് തൃത്താല മണ്ഡലത്തില്‍ ഒരു ലക്ഷം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയ നാഗലശ്ശേരി കൃഷിശ്രീ സെന്റര്‍, പച്ചക്കറി സംഭരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടെ തൃത്താല കേര മണ്ഡലമായി മാറും. തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി 550 ഹെക്ടര്‍ നെല്‍കൃഷി വീണ്ടെടുക്കാനായി. എല്ലായിടത്തും കൃഷി ഇറക്കണം. ഒരു വര്‍ഷത്തിനകം തരിശ് രഹിത തൃത്താല എന്നതാണ് ലക്ഷ്യം.

ഒറ്റയ്ക്ക് കൃഷി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ള കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിക്കാന്‍ ആലോചനയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ സംസ്‌കരണ യജ്ഞത്തില്‍ എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണ്. ജൂണ്‍ അഞ്ചിനകം ഓരോ വാര്‍ഡ് മെമ്പറും എല്ലാ വീടുകളിലും കയറി മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഹരിതകര്‍മ്മ സേനയുടെ അതത് പ്രദേശത്തെ പ്രവര്‍ത്തനം തടസമില്ലാതെ നടക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. റോഡരികില്‍ മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കണം. ഓരോ വാര്‍ഡുകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. തൃത്താല മണ്ഡലത്തില്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന പച്ചക്കറി സംഭരിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. കൂറ്റനാട് സഹകരണ ബാങ്ക് വളം ഡിപ്പോ പരിസരത്ത് നടന്ന പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷതയായി. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.