സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കും: മന്ത്രി പി പ്രസാദ്

കൊച്ചി: കര്‍ഷകരെ സഹായിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണം കൂടി കണക്കിലെടുത്ത് സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ ഉല്‍പാദനവും വിതരണവും വര്‍ദ്ധിപ്പിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോചം) സംഘടിപ്പിക്കുന്ന ദ്വിദിന മില്ലെറ്റ് ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് വിദഗ്ധ പരിശീലനത്തിനൊപ്പം മില്ലറ്റുകളുടെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനവും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. തരിശു നിലങ്ങളെ മില്ലറ്റ് കൃഷിക്കായി ഉപയോഗപ്പെടുത്താമെന്നും വിഷരഹിത മില്ലറ്റ് ഉല്‍പാദനത്തിന് കര്‍ഷകര്‍ തയ്യാറാകണമെന്നും, കൃഷി വകുപ്പിന്റെ കേരളഗ്രോ പദ്ധതിയിലൂടെ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിപണനം സാധ്യമാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍, കേന്ദ്ര-സംസ്ഥാന ഭക്ഷ്യ സംസ്‌കരണ മന്ത്രാലയങ്ങള്‍, നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് മില്ലറ്റ് ഉല്‍സവം സംഘടിപ്പിക്കുന്നത്. ഗ്രാന്‍ഡ് തോണ്‍ടണ്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ്സ് റിസേര്‍ച്ച് (ഐഐഎംആര്‍), ന്യൂട്രിഹബ് എന്നിവയാണ് വിജ്ഞാന പങ്കാളികള്‍. സമ്മേളനത്തിന്റെ ഭാഗമായുള്ള എക്സിബിഷനില്‍ മില്ലെറ്റ് ഉത്പാദക സംഘടനകളുടെ സ്റ്റാളുകള്‍, മില്ലെറ്റ് ഉപയോഗിച്ചുള്ള പാചക ഡെമോ എന്നിവയും നടക്കുന്നുണ്ട്. ഇതിന് പുറമേ വില്‍പനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള കൂടിക്കാഴ്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇന്ന് അവസാനിക്കുന്ന മേളയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 6 വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിലേക്ക് സൗജന്യ പ്രവേശനമുണ്ടാകും.
അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മിഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ബി. അശോക്, കേന്ദ്ര ഭക്ഷ്യസംസ്‌കരണ വകുപ്പ് സ് അണ്ടര്‍ സെക്രട്ടറി ശ്രീമതി ഘോഷ്, , സിഎസ്ഐആര്‍ എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, നബാര്‍ഡ് കേരള ചീഫ് ജനറല്‍ മാനേജര്‍ ഡോ. ഗോപകുമാരന്‍ നായര്‍ ജി, ഗ്രാന്‍ഡ് തോണ്‍ടണ്‍ ഭാരത് പാര്‍ട്ണര്‍ പ്രൊഫ. വി. പത്മാനന്ദ്, അസോചം കേരള ചെയര്‍മാന്‍ രാജാ സേതുനാഥ്, റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍, അസോചം അസിസ്റ്റന്റ് സെക്രട്ടറി പൂജ അല്‍വാലിയ, അസോചം റീജിയണല്‍ ഡയറക്ടര്‍ ഉമ നായര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചു. സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക സഹായം ഉള്‍പ്പെടെ ആവശ്യമായ വ്യാവസായിക അന്തരീക്ഷം ഒരുക്കുന്നതിനെക്കുറിച്ചും, കൃഷി വ്യാപിപ്പിക്കുന്നതിനും വിളവ് വര്‍ധിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഇവയുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും നടന്നു.
വിവിധ സംസ്ഥാനങ്ങളിലെ മില്ലെറ്റ് കൃഷി രീതികള്‍, കര്‍ഷക കൂട്ടായ്മകളിലൂടെ മില്ലെറ്റുകളുടെ മൂല്യശൃംഖല ശക്തിപ്പെടുത്തല്‍, മൂല്യവര്‍ധനവിലൂടെ ആവശ്യകത വര്‍ധിപ്പിക്കുക, ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍ക്യുബേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ രണ്ടാം ദിവസം ചര്‍ച്ചയാകും. സമാപനചടങ്ങില്‍ വ്യവസായമന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയാകും. ഹൈബി ഈഡന്‍ എംപി, തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ തുടങ്ങിയവര്‍ പങ്കെടുക്കും.