തൂത പൂരത്തിന് മധുരം പകരാൻ ഇത്തവണയും സൈതലവി ഹാജി എത്തി. 40 വർഷമായി പൂരത്തിന് ഇദ്ദേഹം ഹൽവയുമായി എത്തുന്നുണ്ട്

ചെര്‍പ്പുളശ്ശേരി:സൈ.തലവി ഹാജി തൂതപൂരത്തിന് കച്ചവടം തുടങ്ങിയിട്ട് 40 വർഷം കഴിഞ്ഞു. പൂരത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത ഘടകമായ ഹൽവ കച്ചവടം, പൂരം കാണാൻ വരുന്ന നാനാജാതി മതസ്ഥരുടെയും കയ്യിൽ മധുരമായ ഉത്സവയോർമ്മയായി ഹൽവയും ജിലേബിയും ആറാം നമ്പറുമടങ്ങുന്ന ഒരു പൊതിയും കൊണ്ട്, മനം നിറയെ പൂരം കണ്ട് തിരിച്ചു കുടുംബത്തിലേക്ക് പോകുന്ന ഓരോ ഉത്സ പ്രേമിയും ഹാജിയെ കാണാതെ പോവില്ല. കാരണം, അവരെ കാത്ത് ഹാജി അവിടെ ഉണ്ടാകും.
നാൽപത് വർഷത്തോളം ആയി ഹാജി തൂത ഭഗവതിക്കാവിലേക്ക് വരുന്നവരുടെ മനം മധുരംകൊണ്ട് നിറക്കാൻ തുടങ്ങിയിട്ട്. മുതിർന്നവർക്കും ഇളം തലമുറക്കും ഹാജിയെ മറക്കാൻ കഴിയില്ല. വണ്ടിയും വാഹനവുമില്ലാത്ത കാലത്ത് പോലും തലച്ചുമടായി കൊണ്ടുവന്ന് ഹൽവയുടെയും ജിലേബിയുടെയും മധുരം തൂതക്കാർക്ക് പകർന്നു നൽകിയിട്ടുണ്ട്. പൂരമായാൽ പിന്നെ ഒരു ആവേശമാണ് ഹാജിക്ക്, ആരവങ്ങൾക്ക് നടുവിൽ ആളുകൾക്ക് മധുരം പകർന്നുകൊണ്ട് എല്ലാം മറന്ന് അങ്ങിനെ നിൽക്കും.
ചെറിയൊരു കടയുമായി കുളപ്പടയിൽ വിശ്രമജീവിതം നയിക്കുന്ന ഹാജി തൂതപ്പൂരമായാൽ എന്ത് പ്രയാസമാണെങ്കിലും അതെല്ലാം അവഗണിച്ച് അവിടെ ഓടിയെത്തും.
കഴിഞ്ഞ പെരുന്നാളിന് ചെറിയൊരു അപകടം പറ്റി ഹാജിക്ക്. തുടർന്ന് ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഹാജി ഡോക്ടറോട് ചോദിച്ചത് "പൂരകച്ചവടത്തിനു പോകാൻ പറ്റില്ലേ...?" എന്നാണ്.
കഴിഞവർഷവും കച്ചവടതിന് പോയി അതാണ് ഹാജിയും പൂരകച്ചവടവും തമ്മിലുള്ള ബന്ധം...!
"10 കിലോ പഞ്ചസാര കൊണ്ട് ഉണ്ടാക്കിയ ജിലേബി വിറ്റ് പോവാത്ത ഒരു കാലം ഉണ്ടായിരുന്നു തൂതപ്പൂരത്തിന്, ഇന്നോ... എത്രയാ കച്ചവടക്കാർ...!?" ഇതാണ് ഹാജിയുടെ ചോദ്യം...
ഇവിടെ ഈ കുന്തിപ്പുഴയുടെ തീരത്ത് തൂതപ്പൂരത്തിന്റെ ആരവത്തിൽ നാടും നാട്ടുകാരും ആറാടുമ്പോൾ നിറഞ്ഞ മനസ്സോടെ ഹാജി നമ്മളെ കാത്തിരിക്കുന്നു...! പൂരത്തോടൊപ്പം നമ്മുടെ മനവും മധുരം കൊണ്ട് നിറക്കാൻ...!!