വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് പാർശ്വഭിത്തി പുനർനിർമാണം, രണ്ടാം ഘട്ട പുനരുദ്ധാരണത്തിനുമായി 33.4 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം*

പാലക്കാട്. 2019 ലെ പ്രളയത്തിലും 2021 ലെ മഴക്കെടുതിയിലും തകർന്ന തൃത്താല മണ്ഡലത്തിലെ പ്രധാനപ്പെട്ട ജലസ്രോതസായ വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പാർശ്വഭിത്തി പുനർനിർമ്മിക്കുന്നതിനും രണ്ടാം ഘട്ട പുനരുദ്ധാരണത്തിനുമായി 33.4 കോടി രൂപയുടെ പദ്ധതിക്ക് ഇന്ന് (ഏപ്രിൽ 19) ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
2019 ൽ ഉണ്ടായ പ്രളയത്തിൽ റെഗുലേറ്ററിന്റെ താഴെ ഇടതു ഭാഗം 60 മീറ്ററോളം സംരക്ഷണഭിത്തി തകർന്നിരുന്നു. ഇത് പുഴയുടെ കരഭാഗം കൂടുതൽ നശിക്കാൻ ഇടയാക്കി. 2021 ൽ വീണ്ടും ശക്തമായ മഴ പെയ്തതിനെ തുടർന്ന് പുഴ നിറഞ്ഞു കവിഞ്ഞതോടെ യജ്ഞേശ്വരം ക്ഷേത്രക്കടവിനോട് ചേർന്ന് 90 മീറ്റർ സംരക്ഷണ ദിത്തി കൂടി തകർന്നു. തുടർന്ന് 2021 ഒക്ടോബർ 14 ന് സ്ഥലം സന്ദർശിച്ച മന്ത്രി ഉദ്യേഗസ്ഥരോട് സംരക്ഷണഭിത്തി പുനർ നിർമ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. 150 മീറ്ററോളം സംരക്ഷണഭിത്തി കോൺക്രീറ്റിൽ നിർമ്മിക്കാനും റെഗുലേറ്ററിന്റ 295 മീറ്ററോളം വരുന്ന ഏപ്രൺ തകർന്നത് 140 മീറ്റർ പുനർ നിർമ്മിച്ചു കഴിഞ്ഞതിന്റെ ബാക്കി വരുന്ന 155 മീറ്റർ ഏപ്രൺ പൊളിച്ചു പുനർ നിർമ്മിക്കുന്നതിനും ഷട്ടറിന്റെ മുൻഭാഗത്തുള്ള ചോർച്ച അടക്കുന്നതിനും ഷീറ്റ് പൈൽ ചെയ്യാനും ഇതിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും നിരന്തരമായ ശ്രമത്തിന്റെ ഫലമായാണ് അധിക ധനാനുമതി ലഭ്യമാക്കാനായതെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.