അടക്കാപുത്തൂർ ശബരി സ്കൂൂള് സ്ഥാപന ദിനം വിജയദിനമായി ആഘോഷിച്ചു

അടക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്ഥാപന ദിനം വിജയ ദിനമായി
കൊണ്ടാടി. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ
നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയം തുടർച്ചയായി നാലാം തവണയാണ് ഈ നേട്ടം കരഗതമാക്കുന്നത്. ഈ വർഷത്തെ തിളക്കമാർന്ന വിജയം വിദ്യാലയത്തിന് പിറന്നാൾ സമ്മാനമായാണ് ലഭിച്ചത്.
ചരിത്രത്തിലാദ്യമായി സ്കൂളിലെ പത്താം തരം ജേതാക്കളെ സ്ക്കൂൾബാൻഡ് , എൻ സി സി , വിവിധ പഠന കേന്ദ്രങ്ങൾ എന്നിവകളുടെ നേതൃത്വത്തിൽ ഘോഷയാത്രയായി വിദ്യാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കുകയുണ്ടായി.
പി.ടി.എ പ്രസിഡണ്ട് സി.രാമചന്ദ്രന്റെ അധ്യക്ഷതയിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ കെ ശ്രീധരൻ സ്ഥാപന -വിജയ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ കെ പ്രേമ, കെ.സി.ശങ്കരൻ, പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ എം പ്രശാന്ത്, മുൻ പ്രധാനാധ്യാപകരായ എം. ദാമോദരൻ നമ്പൂതിരി, കെ.ആർ വേണുഗോപാലൻ , പി. കാർത്ത്യായനിക്കുട്ടി , അരവിന്ദാക്ഷൻ , പൂർവ്വ വിദ്യാർത്ഥികളായ എ.എസ്. കൃഷ്ണൻ, പി.എൻ ശ്രീരാമൻ, വിജയശ്രീ കോ ഓർഡിനേറ്റർ ഡോ.കെ.അജിത് എന്നിവർ ആശംസകളേകി.
ഈ വർഷം റിട്ടയർ ചെയ്ത അധ്യാപകനായ എം.ആർ പ്രമോദ് വിദ്യാലയത്തിലേക്ക് മുപ്പത്തി അയ്യായിരം രൂപയുടെ പുസ്തകങ്ങൾ സംഭാവന നൽകി. അടയ്ക്കാപുത്തൂർ സംസ്കൃതി പ്രവർത്തകരായ രാജേഷ് അടയ്ക്കാപുത്തൂർ, ജയദേവൻ , പ്രകാശ് ബാബു എന്നിവർ വിദ്യാലയത്തിന്റെ അറുപത്തിനാലാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് സംസ്കൃതിയുടെ ഇലഞ്ഞിപ്പൂമണ പദ്ധതി പ്രകാരം അറുപത്തിനാല് ഇലഞ്ഞിപ്പൂമര തൈകൾ സമ്മാനിച്ചു. പ്രധാനാധ്യാപിക കെ. ഹരിപ്രഭ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. രമാദേവി നന്ദിയും പറഞ്ഞു.
എല്ലാ ജേതാക്കളേയും സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മധുരവിതരണവുമുണ്ടായി.