വീണ്ടും കടുവ ആക്രമണം;

വയനാട്: ബത്തേരിയിൽ വീണ്ടും കടുവയുടെ ആക്രമണം. നിരവധി തൊഴിലാളികൾ പണിയെടുക്കുന്ന വാകേരി ഏദൻവാലി എസ്റ്റേറ്റിലെ വളർത്തുനായയെ കടുവ ആക്രമിച്ച് കൊന്നു. കടുവയുടെ സാന്നിധ്യം പതിവായതോടെ ബത്തേരിയിലെ നാട്ടുകാർ ഭീതിയിലാണ്.
കടുവയ്ക്ക് പുറമെ കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ടും രണ്ട് മാസത്തിലേറെയായി പൊറുതിമുട്ടിയിരിക്കുകയാണ് വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങൾ. കാട്ടാനശല്യം ഈയിടെയായി അതിരൂക്ഷമായെന്നാണ് പരാതി. ഒരു മാസം മുൻപാണ് മേപ്പാടി അരുണമലകോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. കഴിഞ്ഞ ദിവസം വൈത്തിരിയിൽ ചുള്ളികൊമ്പന്റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്കേറ്റു. പുലർച്ചെ വീട്ടിനുള്ളിലേക്ക് കയറിയായിരുന്നു കാട്ടാനയുടെ പരാക്രമം.
ചുരുങ്ങിയ ദിവസത്തിനുള്ളിൽ നിരവധി വീടുകളും വാഹനങ്ങളും കാട്ടാന തകർത്തു. ജനവാസ കേന്ദ്രങ്ങളിലൂടെയും പാതയോരങ്ങളിലൂടെയും നിത്യവും കാട്ടാനകൾ വിഹരിക്കുമ്പോള്‍ ജനങ്ങൾ ഭീതിയിലാണ്.