ആംബുലൻസും ഡ്രൈവറുമുണ്ടായിട്ടും സേവനം ലഭ്യമാക്കാത്തത് ഗുരുതര വീഴ്ച്ച , എ .എം . ആരിഫ് എം .പി

  1. Home
  2. LOCAL NEWS

ആംബുലൻസും ഡ്രൈവറുമുണ്ടായിട്ടും സേവനം ലഭ്യമാക്കാത്തത് ഗുരുതര വീഴ്ച്ച , എ .എം . ആരിഫ് എം .പി

Arif


കായംകുളം: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കായംകുളം താലൂക്കാശുപത്രിയിലെത്തിയാള്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കൽ കോളേജിലേക്ക് പോകാന്‍ അംബുലന്‍സ് സേവനം ലഭ്യമായില്ലെന്ന് പരാതി. കായംകുളം സ്വദേശി മുഹമ്മദ് ഹനീഫയുടെ ബന്ധുക്കളാണ് ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
മിനി ബസ് ഡ്രൈവറായ ഹനീഫ യാത്രക്കിടെ വണ്ടിയുടെ പഞ്ചർ ആയ ടയർ മാറ്റുന്ന സമയത്താണ് അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ച് തലക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഇദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടു പോകുവാന്‍ നിര്‍ദ്ദേശിച്ചു.
ആ സമയം മൂന്ന് അംബുലന്‍സുകള്‍ ആശുപത്രിയിലുണ്ടായിരുന്നെങ്കിലും ഇവയുടെ സേവനം ലഭ്യമാക്കിയില്ല. ആംബുലൻസ് ഡ്രൈവർമാർ ആ സമയം വണ്ടി എടുക്കാൻ തയ്യാറാകാത്തതാണ് ഇതിന് കാരണം. ഏറെനേരം ആശുപത്രിയിലെ ആംബുലൻസിനായി കാത്തുനിന്ന ശേഷം സേവനം ലഭ്യമാകാത്തതിനെതുടര്‍ന്ന് സ്വകാര്യ ആംബുലന്‍സ് വിളിച്ചാണ് വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് ഹനീഫയെ കൊണ്ടു പോയതെന്ന് മകൾ ഐഷ പറഞ്ഞു.
കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ആംബുലൻസ് സേവനം ലഭ്യമാക്കാത്ത സാഹചര്യത്തെപ്പറ്റി അന്വേഷിക്കുമെന്ന് സ്ഥലം എഎം ആരിഫ് എംപി പറഞ്ഞു. ആംബുലൻസ് ഡ്രൈവർമാർ ഉണ്ടായിട്ടും സേവനം ലഭ്യമാക്കിയില്ല എങ്കിൽ അത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.