\u0D09\u0D2A\u0D2D\u0D4B\u0D15\u0D4D\u0D24\u0D3E\u0D15\u0D4D\u0D15\u0D7E \u0D1C\u0D3E\u0D17\u0D4D\u0D30\u0D24 \u0D2A\u0D41\u0D32\u0D7C\u0D24\u0D4D\u0D24\u0D23\u0D02: \u0D24\u0D3F\u0D30\u0D41\u0D35\u0D1E\u0D4D\u0D1A\u0D42\u0D30\u0D4D‍ \u0D30\u0D3E\u0D27\u0D3E\u0D15\u0D43\u0D37\u0D4D\u0D23\u0D28\u0D4D‍ \u0D0E\u0D02.\u0D0E\u0D7D.\u0D0E.

  1. Home
  2. LOCAL NEWS

ഉപഭോക്താക്കൾ ജാഗ്രത പുലർത്തണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ.

കോട്ടയം


കോട്ടയം: ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ തന്നെയാണ്  കച്ചവട സ്ഥാപനങ്ങളിൽ  കിട്ടുന്നതെന്ന് ഉറപ്പു വരുത്തുന്നതിന് ഉപഭോക്താക്കള്‍ നിതാന്ത ജാഗ്രത  പുലർത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ദേശീയ ഉപഭോക്തൃദിനാചരണത്തോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച  ബോധവത്കരണ സെമിനാര്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മായം ചേർക്കലിനെതിരെ  നടക്കുന്ന കർശന  പരിശോധനകളും ശക്തമായ ഇടപെടലുകളും മൂലം  മായം ചേർക്കൽ പ്രവണത വലിയൊരളവുവരെ കുറഞ്ഞിട്ടുണ്ട്.  വിപണി  കൂടുതൽ ശുദ്ധമായ അവസ്ഥയിലുമാണ്. ഉത്പ്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട്  ഉപഭോക്താക്കൾ നേരിടുന്ന പ്രശ്‌നങ്ങള്‍  വേഗത്തിൽ പരിഹരിക്കുന്നതിന്    നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ  പഞ്ചായത്ത് ഹാളിൽ  നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു.

എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്. റാണി, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, കണ്‍സ്യൂമര്‍ ഗൈഡന്‍സ് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് പി. ഐ. മാണി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്റ് സിറ്റിസണ്‍സ് റൈറ്റ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി ജയിംസ് ജെ. കാലാവടക്കന്‍, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി രാജി ചന്ദ്രന്‍, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ഷിബു ഏഴേപുഞ്ചയില്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 ഉപഭോക്തൃ നിയമം - 2019 സംബന്ധിച്ച്  സി.ഡി.ആര്‍.സി. പ്രസിഡന്റ് വി.എസ്.മനുലാൽ  ,  പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണത്തെക്കുറിച്ച്  ശുചിത്വ മിഷന്‍ എ.ഡി.സി ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ ക്ലാസ്സെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.