\u0D1C\u0D3F\u0D32\u0D4D\u0D32\u0D2F\u0D3F\u0D32\u0D4D‍ \u0D31\u0D4B\u0D21\u0D41\u0D15\u0D33\u0D41\u0D1F\u0D46 \u0D1F\u0D3E\u0D31\u0D3F\u0D02\u0D17\u0D4D \u0D09\u0D1F\u0D28\u0D4D‍ \u0D2A\u0D42\u0D30\u0D4D‍\u0D24\u0D4D\u0D24\u0D3F\u0D2F\u0D3E\u0D15\u0D4D\u0D15\u0D23\u0D2E\u0D46\u0D28\u0D4D\u0D28\u0D4D \u0D1C\u0D3F\u0D32\u0D4D\u0D32\u0D3E \u0D35\u0D3F\u0D15\u0D38\u0D28 \u0D38\u0D2E\u0D3F\u0D24\u0D3F \u0D2F\u0D4B\u0D17\u0D02

  1. Home
  2. LOCAL NEWS

ജില്ലയില്‍ റോഡുകളുടെ ടാറിംഗ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

ജില്ലയില്‍ റോഡുകളുടെ ടാറിംഗ് ഉടന്‍  പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം


ജില്ലയിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിശോധിച്ച് ടാറിങ് ഉടനടി പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി  ജോഷിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. പാലക്കാട് നഗരസഭയില്‍ അമൃത് പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡ് ടാറിങ് സമയോചിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഫെബ്രുവരി ആദ്യവാരത്തോടെ നഗരസഭയിലെ  മുഴുവന്‍ റോഡുകളുടെയും  ടാറിങ് പൂര്‍ത്തിയാകുമെന്ന് നഗരസഭ എന്‍ജിനീയര്‍ അറിയിച്ചു.

 വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഇടല്‍ പ്രവര്‍ത്തികള്‍  പൂര്‍ത്തിയായതിനുശേഷം ട്രയല്‍ റണ്‍ നടത്തി പൈപ്പുകള്‍ പൊട്ടുന്നില്ലെന്നും  ചോര്‍ച്ച ഉണ്ടാകുന്നില്ലെന്നും ഉറപ്പു വരുത്തിയ ശേഷം മാത്രമേ ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിക്കാവൂ എന്നും എഞ്ചിനീയര്‍മാര്‍ക്ക് ജില്ലാ വികസന സമിതി യോഗം കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. തുടര്‍ച്ചയായ പൈപ്പ് പൊട്ടല്‍ മൂലം ടാറിങ് വീണ്ടും കുത്തി പൊളിച്ചു വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് ഒഴിവാക്കാനാണ് ട്രയല്‍ റണ്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ദേശീയപാത വികസനം നടക്കുന്ന കോങ്ങാട് മണ്ഡലത്തിലെ റോഡിനിരുവശത്തും ഉള്ള കുടിവെള്ള പദ്ധതികള്‍ക്കായുള്ള പൈപ്പ് ഇടീല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്  കെ. ശാന്തകുമാരി എം എല്‍ എ ആവശ്യപ്പെട്ടു. റോഡ് ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പൈപ്പിടീല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. മാത്തൂര്‍,പിരായിരി  ഗ്രാമപഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ക്കായുള്ള  വാട്ടര്‍ ടാങ്ക് നിര്‍മ്മാണവും അനുബന്ധ പ്രവര്‍ത്തികളും  ഉടനടി ആരംഭിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.