\u0D2E\u0D30\u0D24\u0D4D\u0D24\u0D3F\u0D7D \u0D15\u0D41\u0D1F\u0D41\u0D19\u0D4D\u0D19\u0D3F\u0D2F \u0D2A\u0D42\u0D1A\u0D4D\u0D1A\u0D2F\u0D46 \u0D05\u0D17\u0D4D\u0D28\u0D3F\u0D30\u0D15\u0D4D\u0D37\u0D3E\u0D38\u0D47\u0D28 \u0D30\u0D15\u0D4D\u0D37\u0D2A\u0D4D\u0D2A\u0D46\u0D1F\u0D41\u0D24\u0D4D\u0D24\u0D3F.

  1. Home
  2. LOCAL NEWS

മരത്തിൽ കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

മരത്തിൽ കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി


പള്ളുരുത്തി: പ്രധാന റോഡിലെ തണൽമരത്തിൽ കുടുങ്ങിയ പൂച്ചയെ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് മരത്തിന്റെ മുകളിൽ കുടുങ്ങിയ പൂച്ച നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

പൂച്ചയെ താഴെയിറക്കാൻ നാട്ടുകാർ പല മാർഗങ്ങളും നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ ജീവകാരുണ്യ പ്രവർത്തകനായ മുകേഷ് ജെയിനിനെ വിവരം അറിയിച്ചു. അദ്ദേഹംവന്ന് ചില ശ്രമങ്ങൾ നടത്തിയെങ്കിലും റോഡിൽ വാഹനത്തിരക്കുള്ളതിനാൽ രക്ഷാപ്രവർത്തനം മുന്നോട്ട് പോയില്ല.

തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടനെ സേനാംഗങ്ങളെത്തി. ഫയർ ഫോഴ്‌സിന്റെ വാഹനത്തിനുമുകളിൽ കോവണി സ്ഥാപിച്ചിട്ടും പൂച്ചയുടെ അടുത്തേക്ക് എത്താനായില്ല. 45 അടിയോളം ഉയരത്തിലാണ് പൂച്ച ഇരുന്നിരുന്നത്.

സേനാംഗങ്ങൾ കൂറ്റൻ മുള ഉപയോഗിച്ച് പൂച്ചയെ താഴെയിറക്കാൻ ശ്രമിച്ചു. ഇതിനിടയിൽ പൂച്ച താഴെവീണ് പരിക്കേൽക്കാതിരിക്കാൻ വലിയവല താഴെ പിടിച്ചു. നാട്ടുകാരാണ് വലയുമായി താഴെ നിന്നത്. ഏറെ പണിപ്പെട്ട് ഒടുവിൽ പൂച്ചയ്ക്ക് രക്ഷപ്പെടുന്നതിന് വഴിയൊരുക്കുകയായിരുന്നു. പൂച്ച താഴെ പിടിച്ച വലയിൽ കൃത്യമായി വീണു. രക്ഷപ്പെടുകയും ചെയ്തു.