\u0D2A\u0D28\u0D2E\u0D30\u0D02 \u0D38\u0D3F.\u0D0E\u0D1A\u0D4D\u0D1A\u0D4D.\u0D38\u0D3F \u0D2F\u0D46 \u0D24\u0D3E\u0D32\u0D42\u0D15\u0D4D\u0D15\u0D4D \u0D06\u0D36\u0D41\u0D2A\u0D24\u0D4D\u0D30\u0D3F\u0D2F\u0D3E\u0D2F\u0D3F \u0D09\u0D2F\u0D7C\u0D24\u0D4D\u0D24\u0D23\u0D02; \u0D21\u0D4B.\u0D26\u0D3F\u0D28\u0D47\u0D36\u0D4D \u0D15\u0D7C\u0D24\u0D4D\u0D24.

  1. Home
  2. LOCAL NEWS

പനമരം സി.എച്ച്.സി യെ താലൂക്ക് ആശുപത്രിയായി ഉയർത്തണം; ഡോ.ദിനേശ് കർത്ത.

പനമരം സി.എച്ച്.സി യെ താലൂക്ക് ആശുപത്രിയായി ഉയർത്തണം. -ഡോ.ദിനേശ് കർത്ത


വയനാട്: പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിനോടുള്ള (CHC) അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും സി.എച്ച്.സി യെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ദിനേശ് കർത്ത ആവശ്യപ്പെട്ടു. രാത്രിയായാൽ ഡോക്ടർമാരോ നഴ്സുമാരോ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.

വർഷങ്ങൾ പഴക്കമുള്ള പ്രധാന ആശുപത്രി കെട്ടിടത്തിൻ്റെ ചുറ്റുമതിൽ പലയിടത്തും തകർന്നിട്ടുണ്ട്. നൂറോളം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടെങ്കിലും ഇത് പൂർണമായും ഉപയോഗപ്പെടുത്തുന്നില്ലെന്ന പരാതിയുമുണ്ട്. പനമരം, കണിയാമ്പറ്റ, പൂതാടി, കോട്ടത്തറ പഞ്ചായത്തുകളിലെ ആദിവാസികളടക്കമുള്ള ജനങ്ങൾക്ക് പതിനഞ്ച് കിലോമീറ്റർ ചുറ്റളവിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ ഒന്നും ലഭ്യമല്ല.

അതിനാൽ തന്നെ സി.എച്ച്.സി യുടെ നിലവിലുള്ള ശോച്യാവസ്ഥ പരിഹരിച്ച് 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നടപടികൾ ഉണ്ടാകണം. ചുറ്റുമതിൽ പുതുക്കി പണിയാനും പനമരം സി.എച്ച്.സി യെ താലൂക്ക് ആശുപത്രിയായി ഉയർത്താനും അധികൃതർ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും ഡോ.ദിനേശ് കർത്ത ആവശ്യപ്പെട്ടു.