ഒറ്റ സിറിഞ്ചില്‍ 30 കുട്ടികള്‍ക്ക് വാക്സിനേഷന്‍ നൽകി; സ്‌കൂളിനെതിരെ ഉയർന്ന് വിവാദം

മധ്യപ്രദേശ്: സാഗറില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പ് നല്‍കി. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ജെയിന്‍ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
സംഭവം ശ്രദ്ധയില്‍പെട്ടതോടെ രക്ഷിതാക്കള്‍ വാക്‌സിന്‍ എടുത്തയാളെ ചോദ്യം ചെയ്തു. എന്നാല്‍, അയാളുടെ മറുപടി കേട്ട് രക്ഷിതാക്കള്‍ ഞെട്ടി. ഒരു സിറിഞ്ച് മാത്രമാണ് അധികൃതര്‍ അയച്ചതെന്നും ഇത് ഉപയോഗിച്ച് എല്ലാ കുട്ടികള്‍ക്കും കുത്തിവയ്പ് നല്‍കാന്‍ തനിക്ക് കിട്ടിയ ഉത്തരവെന്നും വാക്‌സിനേഷന് എത്തിയ ജിതേന്ദ്ര മറുപടി നല്‍കിയത്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ജിതേന്ദ്രയുടെ വീഡിയോ പകര്‍ത്തിയത്. രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്ക് കൂസലില്ലാതെയാണ് ഇയാളുടെ മറുപടി.
ഒന്നിലധികം ആളുകള്‍ക്ക് കുത്തിവക്കാന്‍ ഒരു സിറിഞ്ച് ഉപയോഗിക്കരുതെന്ന് അറിയില്ലേ എന്ന ചോദ്യത്തിന് 'അത് എനിക്കറിയാം' എന്നാണ് അയാള്‍ മറുപടി കൊടുക്കുന്നത്. 'എനിക്ക് തന്നത് ഒരു സിറിഞ്ച് മാത്രമാണ്. ഇത് ഉപയോഗിച്ചാണോ മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കേണ്ടത് എന്ന് ചോദിച്ചപ്പോള്‍ എന്റെ മേലുദ്യോഗസ്ഥര്‍ അതെ എന്നാണ് മറുപടി പറഞ്ഞത്. അപ്പോള്‍ ഇവിടെ ഞാന്‍ എങ്ങനെ കുറ്റക്കാരനാകും. എന്റെ ഭാഗത്ത് എവിടെയാണ് തെറ്റ്. അവര്‍ ഉത്തരവിട്ടത് പോലെ ഞാന്‍ ചെയ്തു' വാക്‌സിനേറ്റര്‍ പറയുന്നു. തന്നെ അയച്ച ഉദ്യോഗസ്ഥന്‍റെ പേര് ഓര്‍മയില്ലെന്നും ഇയാള്‍ പറയുന്നു.