സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ 4 പേർ മറുകരയിൽ കുടുങ്ങി

കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ സംഘം പുഴയുടെ മറുകരയിൽ കുടുങ്ങി. 5 മണിക്കൂറോളമാണ് 4 യുവാക്കൾ പുഴയുടെ മറുകരയിൽ കുടുങ്ങിയത്. ശേഷം കൊല്ലങ്കോട് അഗ്നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പെരുവെമ്പ് സ്വദേശി കെ.ഹാറൂൺ ഹിഷാം (18), കുനിശ്ശേരി സ്വദേശി ആർ.അഫ്രീദ് (18), കോഴിക്കോട് സ്വദേശി എം.അമൽ റോഷൻ (18), പിരായിരി പള്ളിക്കുളം സ്വദേശി എ.അനസ് (25) എന്നിവരാണ് മറുകരയിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ 10.30ന് ഇവരെത്തിയപ്പോൾ പുഴയിൽ ഒഴുക്ക് കുറവായിരുന്നു. ഇതോടെ ഇവർ വെള്ളച്ചാട്ടത്തിന്റെ മറുകരയിലേക്ക് കടന്നു. അൽപസമയത്തിനകം കനത്ത മഴ പെയ്തതോടെ ഒഴുക്ക് ശക്തമാക്കുകയായിരുന്നു.
ഇതോടെ ഇവർക്കു തിരിച്ചുവരാൻ കഴിയാതായി. 4 പേരിൽ ഒരാളുടെ കയ്യിൽ മാത്രമേ ഫോൺ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരുടെ ഫോണുകൾ കാറിൽ വെച്ച ശേഷമാണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് എത്തിയത്. എന്നാൽ ഫോൺ റേഞ്ച് ഇല്ലാഞ്ഞതും തിരിച്ചടിയായി. വൈകിട്ട് 4ന് സീതാർകുണ്ടിൽ എത്തിയ മറ്റൊരു സംഘം കോളജ് വിദ്യാർഥികളാണ് ഇവർക്ക് സഹായത്തിനാദ്യം എത്തിയത്. തുടർന്ന് ഇവർ നിർഭയ ടോൾ ഫ്രീ നമ്പറായ 112ൽ വിവരമറിയിക്കുകയും നിർഭയ അധികൃതർ കൊല്ലങ്കോട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഉടൻ പൊലീസ്, അഗ്നിരക്ഷാസേന, വനം എന്നിവരുടെ ഉദ്യോഗസ്ഥർ സംഘം സീതാർകുണ്ടിൽ എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു