എസ്എഫ്ഐ നേതാവ് അപർണ ഗൗരിയെ ആക്രമിച്ച കേസിലെ പ്രതികളായ 5 പേരെ കോളേജിൽ നിന്നും പുറത്താക്കും

  1. Home
  2. MORE NEWS

എസ്എഫ്ഐ നേതാവ് അപർണ ഗൗരിയെ ആക്രമിച്ച കേസിലെ പ്രതികളായ 5 പേരെ കോളേജിൽ നിന്നും പുറത്താക്കും

Sfi


കൽപ്പറ്റ: വയനാട്ടിൽ എസ്എഫ്ഐ നേതാവ് അപർണ ഗൗരിയെ ആക്രമിച്ച കേസിലെ പ്രതികളായ മേപ്പാടി പോളിടെക്നിക് കോളേജിലെ അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കാൻ തീരുമാനമായി. മൂന്നാം വർഷ വിദ്യാർത്ഥികളായ അഭിനന്ദ്, അഭിനവ്, കിരൺ രാജ്, അലൻ ആന്‍റണി, മുഹമ്മദ് ഷിബിലി എന്നിവരെയാണ് കോളേജിൽ നിന്ന് പുറത്താക്കുന്നത്. ഇവർ എം.ഡി.എം.എ ഉപയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈത്തിരി തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. മേപ്പാടി പോളിടെക്നിക് കോളേജിന് നേരെയുണ്ടായ ആക്രമണത്തിൽ എസ്എഫ്ഐ നേതാവ് അപർണയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യൂണിയൻ തിരഞ്ഞെടുപ്പിനിടെ മേപ്പാടി പോളിടെക്നിക് കോളേജിലാണ് വിദ്യാർത്ഥി സംഘർഷമുണ്ടായത്. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വരുന്ന വിദ്യാർത്ഥികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിതാ നേതാവിനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ അപർണ ഗൗരി ചികിത്സയിലാണ്. സംഭവത്തിൽ അഭിനവ് ഉൾപ്പെടെ നാൽപതോളം പേർക്കെതിരെ പോലീസ് കേസുണ്ട്.