പട്ടാമ്പി ബൈപ്പാസിന് പ്രതീക്ഷയായി ബജറ്റ് പ്രഖ്യാപനം

  1. Home
  2. MORE NEWS

പട്ടാമ്പി ബൈപ്പാസിന് പ്രതീക്ഷയായി ബജറ്റ് പ്രഖ്യാപനം

road


പട്ടാമ്പി : ആദ്യഘട്ടത്തോടെ പാതിവഴിയിൽ നിർത്തിവെച്ച പട്ടാമ്പി ബൈപ്പാസ് പദ്ധതിക്ക് വീണ്ടും പുനർജീവൻ നൽകാൻ ഒരുങ്ങുന്നു. പട്ടാമ്പി നഗരത്തിലെ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് ആശ്വാസം പകരുന്നതാണ് ബൈപ്പാസ് റോഡ്. പെരിന്തൽമണ്ണ റോഡിലെ മത്സ്യച്ചന്തയ്ക്ക്‌ സമീപമുള്ള റോഡിൽനിന്ന്‌ തുടങ്ങി പള്ളിപ്പുറം റോഡിൽ ചേരുന്നതാണ് റോഡ്. കൊപ്പം ഭാഗത്തുനിന്നും ഗുരുവായൂർ റോഡിൽനിന്നും വരുന്ന വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ തന്നെ അപ്പുറമെത്താൻ കഴിയുന്ന തരത്തിലാണ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്.

ബൈപ്പാസ് പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ മൂന്നുകോടി വകയിരുത്തിയതോടെയാണ് പദ്ധതിക്ക്‌ പുതിയ പ്രതീക്ഷകൾ വന്നിരിക്കുന്നത്.
2005-ൽ ബ്ലോക്ക്‌ പഞ്ചായത്താണ് പദ്ധതി കൊണ്ടുവന്നത്. 2010-ൽ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. പട്ടാമ്പി, മുതുതല പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സ്ഥലം ഏറ്റടുത്ത്‌ കുറച്ചുഭാഗം മെറ്റലിങ് ചെയ്തെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം പദ്ധതി നിലച്ചു. പിന്നീട് പട്ടാമ്പി പഞ്ചായത്ത് നഗരസഭയായി മാറിയതോടെ ബ്ലോക്ക്‌ പഞ്ചായത്തിന് ഫണ്ട്‌ അനുവദിക്കുന്നതിന് തടസ്സമായി.

സർക്കാർ ബജറ്റിൽ മൂന്നുകോടികൂടി അനുവദിച്ചതോടെ പദ്ധതി യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിലാണ് പട്ടാമ്പിക്കാർ. കൊടുമുണ്ട-വി.കെ. കടവ് പാലത്തിനും പദ്ധതിയുണ്ട്. പാലം വന്നാൽ ബൈപ്പാസ് പദ്ധതി പാലവുമായി ബന്ധിപ്പിക്കാനുമാവും. പട്ടാമ്പി പാലത്തിൽ പ്രവേശിക്കാതെ തന്നെ ഞങ്ങാട്ടിരി ഭാഗത്ത് എത്താനാവും.