വനത്തില്‍ വഴിതെറ്റി കുട്ടികള്‍; മഴവെള്ളവും കാട്ടുപഴങ്ങളും കഴിച്ച് അതിജീവിച്ചത് 25 ദിവസം.

ബ്രസീലിലെ തദ്ദേശീയരായ മുറ വിഭാഗത്തില്‍പ്പെട്ട ഒമ്പതും ഏഴും വയസ്സുള്ള ഗ്ലെയ്‌സണ്‍, ഗൗകോ എന്നിവരെയാണ് കഴിഞ്ഞ ദിവസം ആമസോണ്‍ വനത്തില്‍നിന്ന് കണ്ടെത്തിയത്. ഫെബ്രുവരി 18ന് ആണ് കുട്ടികളെ വനത്തിനുള്ളില്‍ കാണാതായത്. ആമസോണസ് സംസ്ഥാനത്തെ മണിക്കോര്‍ സ്വദേശികളായ ഇവര്‍ പക്ഷികളെ വേട്ടയാടുന്നതിനാണ് കാട്ടിലേക്ക് പോയത്. പിന്നീട് കുട്ടികള്‍ക്ക് വഴിതെറ്റുകയായിരുന്നു.
ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തകരും പ്രദേശവാസികളും ദിവസങ്ങളോളം വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
ഒടുവില്‍ അവര്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
ശേഷം കാട്ടില്‍ മരംവെട്ടാന്‍ പോയ ഗ്രാമവാസിയായ ഒരാളാണ് ഘോരവനത്തില്‍ 35 കിലോമീറ്റര്‍ ഉള്ളിലായി കുട്ടികളെ കണ്ടെത്തുന്നത്. വനത്തില്‍ അകപ്പെട്ട് 25 ദിവസത്തിനു ശേഷമായിരുന്നു ഇത്. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ സ്ഥിതിയിലായിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല. ഇത്രയും ദിവസം അപകടമൊന്നും സംഭവിക്കാതെ വിഷപ്പാമ്പുകളും ഹിംസ്രമൃഗങ്ങളും നിറഞ്ഞ വനത്തില്‍ എങ്ങനെ കുട്ടികള്‍ അതിജീവിച്ചു എന്നത് അത്ഭുതകരമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒരെ സ്വരത്തിൽ പറയുവന്നത്.