കൊപ്പം - വളാഞ്ചേരി പാതയില്‍ കണ്ടെയ്നർ ലോറി മറിഞ്ഞു: ഗുരുതര പരുക്കേറ്റ ലോറി ഡ്രൈവർ ചികിത്സയിൽ

കൊപ്പം: കൊപ്പം - വളാഞ്ചേരി പാതയില്‍ കണ്ടൈയ്നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ പതിനൊന്നര മണിയോടെ പുലാശ്ശേരി എഎംഎല്‍പി സ്കൂളിനു മുന്നിലാണു അപകടം. സിമന്റ് മിശ്രിതവുമായി വളാഞ്ചേരിയിലേക്കു പോയ ലോറിയാണ് പുലാശ്ശേരി വളവിൽ അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവറെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൽ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി പരിസരത്ത് ഡീസല്‍ പരന്നത് നാട്ടുകാർക്ക് ഇടയിൽ പരിഭ്രാന്തി പരത്തി. തുടർന്ന് പട്ടാമ്പിയില്‍നിന്ന് അഗ്നിരക്ഷാ സേന എത്തിയാണു റോഡില്‍ പടര്‍ന്ന ഡീസല്‍ നീക്കം ചെയ്തത്.
പുലാശ്ശേരി സ്കൂളിന് മുന്നില്‍ റോഡ് ഒരുവശം ചെരിവും ഇറക്കവുമാണ്. തെന്നിമാറിയ ലോറി തിരിച്ചു റോഡിലേക്കു തന്നെ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ടു സമീപത്തെ 33 കെവി വൈദ്യുതത്തൂണില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശം ആകെമൊത്തം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം പാതയില്‍ ഗതാഗത തടസം നേരിട്ടു. റോഡിന്റെ വീതി കുറവും ഒരു ഭാഗത്തെ ചെരിവുമാണു അപകടങ്ങള്‍ പതിവാകാന്‍ കാരണം. ഇവിടെ ദിവസം മൂന്ന് അപകടങ്ങള്‍ വരെ സംഭവിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.