ക്യഷിയിടം കുരങ്ങിൽ നിന്ന് സംരക്ഷിക്കാൻ കരടി വേഷം; മാസവരുമാനം 15,000

മൃഗങ്ങളില്‍ നിന്നും വിളകളെ സംരക്ഷിക്കാന്‍ പല മാര്‍ഗങ്ങളും കര്‍ഷകര്‍ പരീക്ഷിക്കാറുണ്ട്. വിള നശിപ്പിക്കാനെത്തുന്ന കുരങ്ങന്‍മാരെയും കാട്ടുപന്നികളെയും ഓടിക്കാന്‍ കരടിയുടെ വേഷത്തിലുള്ള ആളെ വയലില്‍ നിര്‍ത്തിയിരിക്കുകയാണ് തെലങ്കാന സിദ്ദിപേട്ട് കൊഹേഡ മേഖലയിലെ ഒരു കര്‍ഷകന്‍.
ഭാസ്കർ റെഡ്ഡി എന്ന കർഷകനാണ് കരടി വേഷം ധരിക്കാൻ ആളെ നിയോഗിച്ചത്. രോമാവൃതമായ കറുത്ത കോട്ടും മുഖാവരണവും അണിഞ്ഞ് നില്‍ക്കുന്ന ആളെകണ്ടാൽ ഒറ്റനോട്ടത്തില്‍ കരടിയാണെന്നേ തോന്നൂ. 500 രൂപയാണ് കരടിവേഷധാരിയുടെ ഒരു ദിവസത്തെ കൂലി.
10 ഏക്കര്‍ കൃഷിയിടമാണ് റെഡ്ഡിക്കുള്ളത്. ഇതില്‍ അഞ്ചേക്കറില്‍ ചോളവും ബാക്കിയുള്ള സ്ഥലത്ത് പച്ചക്കറികളുമാണ് കൃഷി ചെയ്തിരിക്കുന്നത്. കരടി കാവല്‍ നില്‍ക്കാന്‍ തുടങ്ങിയതിനു ശേഷം ഒരു തവണ മാത്രമാണ് കുരങ്ങുകള്‍ തന്‍റെ വയലില്‍ പ്രവേശിച്ചതെന്ന് റെഡ്ഡി പറയുന്നു. ചിലപ്പോള്‍ ഭാസ്കറിന്‍റെ മകനാണ് കരടിവേഷം ധരിക്കുന്നത്.