എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര; അപകടകരമായ അഭ്യാസപ്രകടനത്തിൽ തീ പടര്‍ന്നു

  1. Home
  2. MORE NEWS

എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര; അപകടകരമായ അഭ്യാസപ്രകടനത്തിൽ തീ പടര്‍ന്നു

Fire


കൊല്ലം: പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിനോദയാത്രയ്ക്ക് പോകുന്നതിന് മുമ്പേ ബസിന് മുകളില്‍ അപകടകരമായ രീതിയില്‍ പൂത്തിരി കത്തിച്ച് അഭ്യാസപ്രകനം നടത്തി തീ പടര്‍ന്നു. പൂത്തിരിയില്‍ നിന്ന് തീ ബസിലേക്ക് പടര്‍ന്നെങ്കിലും പെട്ടെന്ന് തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. 
സംഭവത്തില്‍ യാതൊരു പങ്കും കോളേജിനില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികളെ ആവേശഭരിതരാക്കാന്‍ ബസ് ജീവനക്കാര്‍ തന്നെയാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതായാണ് പ്രാഥമികമായി ലഭിച്ച വിവരം. തീ പടര്‍ന്നയുടന്‍ ബസ് ജീവനക്കാരന്‍ മുകളില്‍ കയറി തീ അണയ്ക്കുകയായിരുന്നു. 
വിനോദയാത്രയ്ക്കായി മൂന്ന് ബസുകളാണ് വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പാടാക്കിയത്. ഇതില്‍ ഒരു ബസിന്റെ മുകളിലാണ് പൂത്തിരി കത്തിച്ചത്. ബസുകള്‍ തമ്മിലുള്ള മത്സരമാണ് വലിയ അപകടത്തിന് വഴിവയ്ക്കാമായിരുന്ന സംഭവത്തിലേക്ക് നയിച്ചത്. 
ബസ് വയനാട് വഴി കര്‍ണാടകയിലേക്ക് പോയിരിക്കുകയാണെന്നും തിരിച്ചു വന്നതിന് ശേഷമേ ബസ് പിടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അന്‍സാരി പറഞ്ഞു. അതേസമയം, ബസുടമയെ കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.