പർണ്ണശാലകളിൽ അഗ്നികൂട്ടാൻ അനുമതിയില്ല; ബോധവൽക്കരണവുമായി പോലീസ്*

  1. Home
  2. MORE NEWS

പർണ്ണശാലകളിൽ അഗ്നികൂട്ടാൻ അനുമതിയില്ല; ബോധവൽക്കരണവുമായി പോലീസ്*

പർണ്ണശാലകളിൽ അഗ്നികൂട്ടാൻ അനുമതിയില്ല; ബോധവൽക്കരണവുമായി പോലീസ്*


ശബരിമല. മകരജ്യോതി ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർ തീർക്കുന്ന  പർണ്ണശാലകളിൽ അഗ്നികൂട്ടുകയും ഭക്ഷണം പാചകം ചെയ്യുന്ന രീതി ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതിനായി പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന സംഘടിപ്പിച്ച് ബോധവൽക്കരണം നടത്തി.  പർണ്ണശാലകളിൽ അഗ്നി കൂട്ടാൻ അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. 

തീപിടുത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനായി പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വലിയ പാത്രങ്ങൾ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ട്.   പാചകം ചെയ്യാൻ ആവശ്യമായ പാത്രങ്ങൾ സന്നിധാനത്തെ കടകളിൽ വിൽപ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.  
അയ്യപ്പ ഭക്തർ പർണ്ണശാലകൾ തീർത്തിട്ടുള്ള ഇടങ്ങളിൽ  മെഗാഫോണിലൂടെ അറിയിപ്പ് നൽകിയാണ് സന്നിധാനം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ  ബോധവൽക്കരണം നടത്തിയത്. ദർശനം കഴിഞ്ഞ ശേഷം  മടങ്ങുമ്പോൾ തിരികെ നൽകാമെന്നറിയിച്ച് പാചകത്തിനും മറ്റുമായി ഭക്തർ കൊണ്ടുവന്ന സാധന സാമഗ്രികൾ പോലീസ് മറ്റൊരിടത്തേക്ക് നീക്കി.   പർണ്ണശാലകളിൽ അഗ്നി കൂട്ടിയാൽ ഉണ്ടാവാൻ ഇടയുള്ള അപകട സാധ്യത പോലീസ് അയ്യപ്പ ഭക്തരെ പറഞ്ഞ് ബോധ്യപ്പെടുത്തി.  

 മകരവിളക്കിന് തീർത്ഥാടകർ പർണ്ണശാല  കെട്ടി കാത്തിരിക്കുന്ന പാണ്ടിത്താവളമടക്കമുള്ള  സ്ഥലങ്ങളിൽ ആവശ്യത്തിന് വെളിച്ചം നൽകാനുളള അവസാനവട്ട ജോലികളിലാണ് കെ എസ് ഇ ബി ജീവനക്കാർ.