ഭരണഭാഷാ വാരാഘോഷ പരിപാടികൾ സമാപിച്ചു*

  1. Home
  2. MORE NEWS

ഭരണഭാഷാ വാരാഘോഷ പരിപാടികൾ സമാപിച്ചു*

ഭരണഭാഷാ വാരാഘോഷ പരിപാടികൾ സമാപിച്ചു*


പാലക്കാട് രജിസ്‌ട്രേഷന്‍ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷ പരിപാടികൾക്ക് സമാപനമായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ സമാപനം ഉദ്ഘാടനം ചെയ്തു. അമാൽഗമേറ്റഡ് സബ് രജിസ്ട്രാർ എൻ. ദിലീപ്കുമാർ അധ്യക്ഷനായി. 

മലയാളഭാഷാ വാരാചരണം ഏഴ് ദിവസം മാത്രം ഒതുങ്ങാതെ ജീവിതം മുഴുവൻ മാതൃഭാഷയെ സംരക്ഷിക്കാൻ കഴിയണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു. മറ്റ് ഭാഷകൾ പഠിക്കുമ്പോൾ മാതൃഭാഷയെ ഒരിക്കലും മറക്കരുത്. മാതൃഭാഷയെ കൂടുതൽ അറിയാൻ ശ്രമിക്കണമെന്നും ഭാഷയെ പ്രോത്സാഹിപ്പിക്കാനായി സാംസ്കാരിക വകുപ്പിന്റെ കീഴിൽ കോട്ടയത്ത് ഭാഷ മ്യൂസിയം സർക്കാർ ആരംഭിക്കുന്നത് മലയാളഭാഷയെ കൂടുതൽ മനസിലാക്കാനുള്ള വലിയ സാധ്യതയായിരിക്കുമെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പറഞ്ഞു.

മലയാളഭാഷ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര വിജയികളെയും പരിപാടിയിൽ ഇൻഫർമേഷൻ ഓഫീസർ പ്രഖ്യാപിച്ചു. ഉപന്യാസ മത്സരത്തിൽ ചെർപ്പുളശ്ശേരി സബ് രജിസ്ട്രാർ ഓഫീസിലെ എം. സുരേഷ് ഒന്നാം സ്ഥാനം നേടി. പാലക്കാട് സബ് രജിസ്ട്രാർ ഓഫീസിലെ സി. സുമേഷ് രണ്ടാം സ്ഥാനവും പട്ടാമ്പി സബ് രജിസ്ട്രാർ ഓഫീസിലെ എസ്.എൽ. അനന്തു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പറളി സബ് രജിസ്ട്രാർ ഓഫീസിലെ പി. നീതുവിനാണ് നാലാം സ്ഥാനം.

കവിത പാരായണ മത്സരത്തിൽ അഗളിസബ് രജിസ്ട്രാർ ഓഫീസിലെ അശോകൻ രാജീവം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആലത്തൂർ സബ് രജിസ്ട്രാർ ഓഫീസിലെ ശ്യാംചന്ദ്രൻ രണ്ടാം സ്ഥാനവും പാലക്കാട് സബ് രജിസ്ട്രാർ ഓഫീസിലെ സി. സുമേഷ് മൂന്നാം സ്ഥാനവും നേടി. തൃത്താല സബ് രജിസ്ട്രാർ ഓഫീസിലെ കെ.എസ്. പ്രവീണിനാണ് നാലാം സ്ഥാനം.

ജില്ലാ രജിസ്ട്രാർ ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ രജിസ്ട്രാർ ജനറൽ ഓഫീസ് ജൂനിയർ സൂപ്രണ്ട് പി.കെ അനുജിത്ത്, ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) ജൂനിയർ സൂപ്രണ്ട് കെ. സൈനുദ്ദീൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.