തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം സർക്കാർ ചർച്ച ചെയ്യും.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം സർക്കാർ ചർച്ച ചെയ്യും. ഇതിനായി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു. നാളെ വൈകിട്ട് നാലിന് സെക്രട്ടേറിയറ്റ് അനക്സിലാണ് യോഗം ചേരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് യോഗം വിളിച്ചത്. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ പ്രസിഡന്‍റുമാർക്ക് മന്ത്രി കത്തയച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്, കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിലേക്ക് പാർട്ടി പ്രവർത്തകരെ നിയമിക്കാൻ ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രനും എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് ഡി.ആർ.അനിലും അയച്ച കത്തുകളാണ് പുറത്ത് വന്നത്.