പ്രൈമറി സ്കൂൾ അദ്ധ്യാപക യോഗ്യത ബിരുദമാക്കുന്നു*

  1. Home
  2. MORE NEWS

പ്രൈമറി സ്കൂൾ അദ്ധ്യാപക യോഗ്യത ബിരുദമാക്കുന്നു*

school


തിരുവനന്തപുരം: വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി, പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കാൻ നീക്കം. എസ്.സി.ഇ.ആർ.ടിയുടെ അദ്ധ്യാപക വിദ്യാഭ്യാസ കരിക്കുലം ഫ്രെയിം വർക്കിൽ ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. എൽ.പി സ്കൂൾ അദ്ധ്യാപകർക്ക് നിലവിൽ പ്ലസ് ടുവും,ഡി.എൽ.എഡുമാണ് (ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ) യോഗ്യത.

ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശ പ്രകാരം 2030ഓടെ അദ്ധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യത നാലു വർഷ സംയോജിത ബി.എഡ് ബിരുദമാക്കണമെന്നാണ്. ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ടിലും അഞ്ചു വർഷത്തെ അദ്ധ്യാപന കോഴ്സ് വേണമെന്ന നിർദ്ദേശമുണ്ട്. എന്നാൽ, നിലവിൽ ഡി.എൽ.എഡ് ഒഴികെയുള്ള അദ്ധ്യാപന കോഴ്സുകളെല്ലാം ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ്. അതിനാൽ, വിഷയത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനം വേണം. പൊതുവിദ്യാഭ്യാസ വകുപ്പിനെയും ഇതിന്റെ ഭാഗമാക്കിയേക്കും. 2024ഓടെ സംസ്ഥാനത്ത് പരിഷ്‌കരിച്ച പാഠ്യപദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. അതോടെ സംയോജിത ബിരുദ കോഴ്സുകളുടെ കാര്യത്തിലും തീരുമാനം വേണ്ടി വരും.

പ്രൈമറി സ്കൂർ അദ്ധ്യാപക നിയമനത്തിന് ബിരുദം അടിസ്ഥാന യോഗ്യതയാക്കുന്നതിന് ,കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ഭേദഗതി വേണ്ടി വരും. ദേശീയ വിദ്യാഭ്യാസനയത്തിൽ നിർദ്ദേശിച്ചത് പോലെ, അദ്ധ്യാപകർക്കുള്ള അടിസ്ഥാന യോഗ്യത സംയോജിത ബി.എഡാക്കണോ എന്ന കാര്യത്തിലും വ്യക്തത വേണ്ടി വരും.