പ്രൊഫഷണലുകളിൽ അന്ധവിശ്വാസം വളരുന്നത് ഗുരുതരം: വിസ്ഡം പ്രൊഫെയ്സ്* പ്രൊഫെയ്സ് - ദ്വിദിന ഫാമിലി കോൺഫറൻസ് സമാപിച്ചു

കുറ്റിപ്പുറം: ബൗദ്ധികമായി ഏറെ വളർന്നിട്ടും ആത്മീയ ചൂഷണങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ വിധേയപ്പെടുന്നത് ഏറെ ഗുരുതരമാണെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രൊഫെയ്സ് ദ്വിദിന പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു. ദിവ്യത്വം അവകാശപ്പെട്ട് രംഗത്ത് വരുന്നവരുടെ പിന്നാമ്പുറങ്ങൾ പോലും അന്വേഷിക്കാൻ തയ്യാറാവാതെ ആൾ ദൈവങ്ങളെ വാരിപുണരുന്നത് അപഹാസ്യമാണ്.
സ്വാശ്രയ കോളേജുകളടക്കം ഉയർന്ന വിദ്യാലയങ്ങളിൽ നിന്ന് ഉയർന്ന സാമ്പത്തിക ബാധ്യതയോടെ പഠിച്ചിറങ്ങിയ പ്രൊഫഷണലുകളായ ഉദ്യോഗാർത്ഥികളിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. പ്രൊഫഷണൽ വിദ്യാലയങ്ങളിലെ നിലവാരമില്ലായ്മയും സംസ്ഥാനത്ത് തൊഴിലവസരങ്ങൾ വിരളമായതുമാണ് അതിന് കാരണമായി പറയുന്നത്. യുവാക്കളിൽ തൊഴിൽ നൈപുണ്യം വർദ്ധിപ്പിച്ച് അതിന് പരിഹാരം കാണാൻ അധികാരികൾ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നവലിബറൽ വാദങ്ങൾ നൂറ്റാണ്ടുകൾ കൊണ്ട് നാം കരഗതമാക്കിയ നവോത്ഥാന മുന്നേറ്റങ്ങളിൽ നിന്ന് പിന്നോട്ട് വലിക്കുന്നതാണെന്ന് മുഖ്യാതിഥിയായി സംസാരിച്ച പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പ്രസ്താവിച്ചു. മതനിരാസ പ്രവർത്തനങ്ങളിലേക്ക് സമൂഹത്തെയും യുവത്വത്തെയും നയിക്കാനുള്ള കൊണ്ട്പിടിച്ച ശ്രമങ്ങളിലാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ. ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്വം പ്രൊഫഷണൽസ് ഉൾപ്പെടെയുള്ള സമൂഹത്തിന്റെ നാനാവിഭാഗം ജനങ്ങൾക്കുമുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മുഖ്യാതിഥിയായി. സെയ്ത് പട്ടേൽ (മുംബൈ) മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ പണ്ഡിതനും ഖുർആൻ വിവർത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ധീൻ സ്വലാഹി, ജംഷീർ സ്വലാഹി, ഡോ. മുഹമ്മദ് മുബഷിർ, ആദിൽ അബ്ദുൽ ഫത്താഹ് എന്നിവർ വിഷയാവതരണം നടത്തി.
'ലിബറലിസം ഒരു പോസ്റ്റ് മാർട്ടം' സെഷനിൽ ഷംജാസ് കെ അബ്ബാസ് വിഷയാവതരണം നടത്തി. ഉച്ചക്ക് ശേഷം നടന്ന ഇന്ററാക്ഷൻ സെഷനിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിനു സലീം, ഫൈസൽ മൗലവി പുതുപ്പറമ്പ്, സാദിഖ് മദീനി, ഡോ. ജൗഹർ മുനവ്വർ, ടി.കെ. നിഷാദ് സലഫി, ഉനൈസ് സ്വലാഹി, എ.പി. മുനവ്വർ സ്വലാഹി തുടങ്ങിയവർ സംസാരിച്ചു. കെ.സി. ഹാരിസ് മദനി കായക്കൊടി സമാപന പ്രഭാഷണം നടത്തി.
നഴ്സറി വിദ്യാർത്ഥികൾക്കായുള്ള ‘സ്വീറ്റ് ബഡ്സ്’ ന് റസീൽ പി.യു., മുഹമ്മദലി നെടുവഞ്ചേരി എന്നിവരും, പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള 'ബട്ടർഫ്ലൈസ്' ൽ അഷ്കർ ഇബ്രാഹീം, മുസ്തഫ മദനി, വി.ടി. അബ്ദുൽ സലാം, മൻസൂർ സ്വലാഹി, പി.കെ. അംജദ് മദനി, എം.കെ. ഇർഫാൻ സ്വലാഹി എന്നിവരും, യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായുള്ള 'ലിറ്റിൽ വിങ്സ്' ൽ വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറി ഷമീൽ മഞ്ചേരി, അസ്ഹർ ചാലിശ്ശേരി, ശരീഫ് കാര, ശഫീഖ് സ്വലാഹി എന്നിവരും, ടീനേജ് വിദ്യാർത്ഥികൾക്കായുള്ള ‘ടീൻസ് സ്പെയ്സ്’ ൽ വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡണ്ട് അർഷദ് അൽ ഹികമി താനൂർ, ഡോ. സി.പി. അബ്ദുല്ല ബാസിൽ, സി. മുഹമ്മദ് അജ്മൽ എന്നിവരും നേതൃത്വം നൽകി.
അഞ്ച് വേദികളിലായി നടന്ന സമ്മേളനത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.
*ഫോട്ടോ അടിക്കുറിപ്പ് :*
1. വിസ്ഡം യൂത്ത് കുറ്റിപ്പുറത്ത് സംഘടിപ്പിച്ച പ്രൊഫെയ്സ് - പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു.
2. വിസ്ഡം യൂത്ത് കുറ്റിപ്പുറത്ത് സംഘടിപ്പിച്ച പ്രൊഫെയ്സ് - പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മുഖ്യാതിഥിയായി മുഖ്യാതിഥിയായി സംസാരിക്കുന്നു.
*സ്വതന്ത്രവാദം കുടുംബഭദ്രത തകർക്കും : പ്രൊഫെയ്സ്*
കുറ്റിപ്പുറം: സമൂഹത്തിൽ പ്രചരിക്കുന്ന അധാർമികതയും അരാചകത്വവും വ്യാപകമാകാൻ കാരണം അതിരുകളില്ലാത്ത സ്വതന്ത്രവാദമാണെന്നും അത് കുടുംബഭദ്രത തകർക്കുമെന്നും സമ്മേളനം പ്രൊഫെയ്സ് ദ്വിദിന പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ലിബറലിസം; ഒരു പോസ്റ്റ്മാർട്ടം’ സെഷൻ അഭിപ്രയപ്പെട്ടു. ദൈവ നിഷേധവും മതനിരാസവും ദർശനമായി സ്വീകരിച്ച സ്വതന്ത്രവാദികൾ കുടുംബ ഭദ്രത തകർക്കുന്നതിന് കരുക്കൾ നീക്കുകയാണ്. ജീവിതത്തിന്റ സായാഹ്നങ്ങളിൽ കാരുണ്യത്തിന്റ സ്നേഹസ്പർശമാകേണ്ടിയിരുന്ന മക്കളെ മാതാപിതാക്കളിൽ നിന്ന് അകറ്റുവാൻ സ്വതന്ത്രവാദികൾ ദാർശനികമാനം കാണുകയാണെന്നും സെഷൻ ചൂണ്ടിക്കാട്ടി. സി. മുഹമ്മദ് അജ്മൽ, ഷംജാസ് കെ അബ്ബാസ് എന്നിവർ വിഷയാവതരണം നടത്തി.
*ബാലാവകാശ കമ്മീഷൻ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം: ടീൻസ്പെയ്സ് കൗമാര സമ്മേളനം*
കുറ്റിപ്പുറം: രക്ഷിതാക്കളുടെയും അധ്യാപകരുടെയും സുരക്ഷാ വലയങ്ങളിൽ നിന്ന് കുട്ടികളെ അടർത്തിയെടുത്ത് അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന ബാലാവകാശ കമ്മീഷന്റ സമീപനം പ്രതിഷേധാർഹമാണെന്നും കമ്മീഷൻ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും പ്രൊഫെയ്സ് - ദ്വിദിന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി കുറ്റിപ്പുറത്ത് സംഘടിപ്പിച്ച ടീൻസ്പെയ്സ് കൗമാര സമ്മേളനം ആവശ്യപ്പെട്ടു. രക്ഷിതാക്കളെയും അധ്യാപകരെയും വിശ്വാസത്തിലെടുക്കാൻ കമ്മീഷൻ തയ്യാറാകണമെന്നും സമ്മേളനം കൂട്ടിചേർത്തു.
മയക്കുമരുന്ന് കേസുകളിൽ അകപ്പെട്ടവരിൽ നിന്നും ഡി അഡിക്ഷൻ കേന്ദ്രങ്ങളിലുള്ളവരിലും സംസ്ഥാന എക്സൈസ് വകുപ്പ് നടത്തിയ സർവ്വേയുടെ റിപ്പോർട്ടുകൾ ഞെട്ടലുളവാക്കുന്നതെന്നും റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലായ ലഹരി ഉപയോഗത്തിൽ മിക്കവരും തുടക്കക്കാരാവുന്നത് 10 - 15 വയസ്സിനിടയിലാണെന്ന പരാമർശം ഗൗരവത്തോടെ കണ്ട് ഈ വിഭാഗം വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള വ്യാപക പരിപാടികൾക്ക് സർക്കാർ രൂപം നൽകണം. ക്രിയാത്മകവും നിർമ്മാണാത്മകവുമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാകാൻ കൗമാര വിദ്യാർത്ഥികൾക്ക് പ്രേരണ നൽകേണ്ടതുണ്ട്. ശക്തമായ പ്രതിരോധമാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏറെ നിർണ്ണായകമെന്നും സർവ്വേ ചൂണ്ടികാണിക്കുന്നു.
വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡണ്ട് അർഷദ് അൽ ഹികമി താനൂർ, സി. മുഹമ്മദ് അജ്മൽ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.
*മാനുഷിക മൂല്യങ്ങളെ തമസ്കരിച്ചുള്ള ഉത്തരാധുനികവാദം നവോത്ഥാന മുന്നേറ്റത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.*
കുറ്റിപ്പുറം: ബ്രിട്ടീഷ് ആധിപത്യത്തെ തുടർന്ന് സമാഗതമായ ഉത്തരാധുനിക വാദങ്ങളിൽ പെട്ട് മാനുഷിക മൂല്യങ്ങളെയും പ്രകൃതിദത്തമായ സംവിധാനങ്ങളെയും വെല്ലുവിളിക്കും വിധം കടന്നു വരുന്ന നവലിബറൽ വാദങ്ങൾ നൂറ്റാണ്ടുകൾ കൊണ്ട് നാം കരഗതമാക്കിയ നവോത്ഥാനങ്ങളിൽ നിന്ന് പിന്നോട്ട് വലിക്കുന്നതാണെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. വിസ്ഡം യൂത്ത് കുറ്റിപ്പുറത്ത് സംഘടിപ്പിച്ച പ്രൊഫെയ്സ് - ദ്വിദിന പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരാസ പ്രവർത്തനങ്ങളിലേക്ക് സമൂഹത്തെയും യുവത്വത്തെയും നയിക്കാനുള്ള കൊണ്ട്പിടിച്ച ശ്രമങ്ങളിലാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ. ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്വം പ്രൊഫഷണൽസ് ഉൾപ്പെടെയുള്ള സമൂഹത്തിന്റെ നാനാവിഭാഗം ജനങ്ങൾക്കുമുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.