ചിറ്റൂരിൽ കനാൽ തകർന്ന് ജലവിതരണം മുടങ്ങിയിട്ട് നാലുവർഷം

ചിറ്റൂർ : കാഡ കനാൽ തകർന്ന് ജലവിതരണം തടസ്സപ്പെട്ടിട്ട് നാലുവർഷത്തിലേറെയായെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണെന്നാണ് കർഷകരുടെ പരാതി. ചിറ്റൂർപ്പുഴ പദ്ധതിയിൽപ്പെട്ട തേമ്പാറമട സിസ്റ്റത്തിൽനിന്നുള്ള പ്രധാന കനാലിന്റെ കാഡ കനാലാണ് താരകർന്നട്ട് വര്ഷങ്ങളായത്. മൂച്ചിക്കുന്ന്, കുറുമാമ്പള്ളം പാടശേഖരങ്ങളിലേക്ക് വെള്ളംലഭിക്കുന്നത് ഈ കനാലിലൂടെയാണ്. മഴക്കാലത്ത് മേഖലയിൽ ആവശ്യത്തിന് വെള്ളമുണ്ട്. സെപ്‌റ്റംബറോടെ വെള്ളത്തിന് ആവശ്യക്കാർ ഏറെയാണെങ്കിലും അപ്പോൾ കിട്ടാറില്ല.
ജലവിതരണതടസം കാരണം ഏക്കറുകണക്കിന് കൃഷിയാണ് ഒരോതവണയും നശിക്കുന്നത്. ഇത് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നതെന്നാണ് കർഷകർ പറയുന്നത്. കനാൽതകർന്ന കാലംമുതൽ അധികൃതർക്ക് പരാതി നൽകിയിട്ടും ഉടനെ നന്നാക്കാം എന്നുള്ള പതിവ് മറുപടിയല്ലാതെ ഇതുവരെ നടപടി ഒന്നുമുണ്ടായിട്ടില്ല. വാലറ്റപ്രദേശത്തെ കൃഷിയെയും ഇത് നന്നായി ബാധിക്കുന്നുണ്ട്. താലൂക്ക് വികസനസമിതിയിൽ പരാതിപ്പെട്ടെങ്കിലും പരാതി ചിറ്റൂർപ്പുഴപദ്ധതി അധികൃതർക്ക് കൈമാറിയതല്ലാതെ നടപടിയുണ്ടായില്ലെന്നും കർഷകർ ആരോപിക്കുന്നു.