ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളത്തിന് ജയിച്ചേ തീരൂ,മന്ത്രി എം ബി രാജേഷ്*

പാലക്കാട്. ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളത്തിന് ജയിച്ചേ തീരൂ എന്ന്
എക്സൈസ് - തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ലഹരി ആപത്ത് എന്ന പേരിൽ ലഹരിക്കെതിരെ തൃത്താല മണ്ഡലത്തിൽ നടന്ന ജനകീയ ക്യാമ്പയിൻ മേഴത്തൂർ ഗവ ഹയർസെക്കണ്ടറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ലഹരി പിടിമുറുക്കുന്നത് യുവാക്കളെയും കുട്ടികളെയുമാണ്. അതുകൊണ്ട് ലഹരിക്കെതിരായ പോരാട്ടത്തിൽ നമ്മൾ തോറ്റാൽ കേരളം അവസാനിക്കും. ലഹരി ഉപയോഗം സംബന്ധിച്ച കണക്കുകൾ ഞെട്ടിക്കുന്നതാണ്. മറ്റ് ക്രിമിനൽ പ്രവർത്തികളിലേക്കും ലഹരി ഉപയോഗം കുട്ടികളെ നയിക്കും. ലഹരി വിൽപ്പനക്കെതിരെ നിയമം കർക്കശമാക്കും. വില്പനക്കാരെ ദാക്ഷിണ്യമില്ലാതെ നേരിടും. അവരെ അഴിക്കുള്ളിൽനിന്ന് പുറത്തു വരാൻ അനുവദിക്കില്ല. സ്ഥിരം ലഹരി വില്പനക്കാരുടെ പട്ടിക തയ്യാറാക്കി മുൻകരുതൽ അറസ്റ്റിനാണ് സർക്കാർ തീരുമാനം. ഇതിനായി നിയമത്തിലെ പഴുതുകൾ അടയ്ക്കും. ലഹരി വിൽപ്പന സംബന്ധിച്ച് വിവരം നൽകാൻ ഫോൺ നമ്പർ ഏർപ്പെടുത്തി. വിവരം നൽകുന്നവരുടെ വിവരങ്ങൾ അന്വേഷിക്കില്ല. ലഹരി ഉപയോഗത്തിൽ പെൺകുട്ടികളും മുന്നിലാണ്. സ്വന്തം മക്കൾ ലഹരി ഉപയോഗിക്കുന്നതായി അറിഞ്ഞാൽ രക്ഷിതാക്കൾ അത് മറയ്ക്കാൻ ശ്രമിക്കരുത്. അത് കുട്ടിയെ കൂടുതൽ അപകടത്തിലേക്കാണ് തള്ളിവിടുക. ലഹരി ഉപയോഗിക്കുന്ന കുട്ടികൾക്ക് കൗൺസലിംഗ് അടക്കമുള്ള എല്ലാ സഹായവും ചികിത്സയും സർക്കാർ നൽകുമെന്നും, ലഹരിക്കെതിരായ പോരാട്ടത്തിൽ കക്ഷി രാഷ്ട്രീയ മത ജാതി പരിഗണനകൾക്കപ്പുറം കേരളം ഒന്നിച്ചു നിൽക്കണമെന്നും അതിലൂടെ മാത്രമേ ഈ വിപത്തിനെ നേരിടാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
മുഴുവൻ മലയാളികളും ഒറ്റക്കെട്ടായി അണിനിരക്കുന്ന ഒരു ജീവൻ മരണം പോരാട്ടത്തിനാണ് കേരളം നേതൃത്വം നൽകുന്നത്. ഈ യുദ്ധം ഒരു മാസം നീണ്ടുനിൽക്കുന്നതല്ലെന്നും ഒരു വലിയ തുടർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരി വിരുദ്ധ ബോധവത്ക്കരത്തിന്റെ ഭാഗമായി കൂട്ടയോട്ടം, ഫ്ലാഷ് മോബ്, സൈക്കിൾ റാലി, പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും സംഘടിപ്പിച്ചു.
പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി പി റജീന അധ്യക്ഷത വഹിച്ചു.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സജിത വിനോദ്, വി വി ബാലചന്ദ്രൻ, പി ബാലൻ, അനു വിനോദ്, വി പി ഷാനിബ ടീച്ചർ, കമ്മുക്കുട്ടി എടത്തോൾ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.