ലൈഫ് ഭവന പദ്ധതി: മുസ്ലിം ലീഗ് സമരം മുനിസിപ്പാലിറ്റികളിൽ 20നും പഞ്ചായത്തുകളിൽ21നും.

മലപ്പുറം: ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി അപേക്ഷകൾ സ്വീകരിച്ച ലക്ഷക്കണക്കിന് ഭവനരഹിതരും ഭൂരഹിതരും പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ ഉത്തരവുകൾ മാറിമാറി പുറപ്പെടുവിക്കുകയല്ലാതെ, ഭൂമി വാങ്ങുവാനോ വീട് നിർമ്മിക്കുവാനോ ആവശ്യമായ, സാമ്പത്തിക സഹായം നൽകുകയോ, കരാറുകളിൽ ഏർപ്പെടുകയോ ചെയ്യാതെ, അവരെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെ മുസ്ലിം ലീഗ് പ്രഖ്യാപിച്ച സമരപരിപാടി, മുനിസിപ്പൽ തലങ്ങളിൽ 20നും ഗ്രാമപഞ്ചായത്ത് തലങ്ങളിൽ 21നും നടക്കുന്നതാണ്. അപേക്ഷ നൽകി കാത്തിരിക്കുന്ന ഭവനരഹിതരും ഭൂരഹിതരുമായ സഹായം ലഭ്യമാവാത്ത ഗുണഭോക്താക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് മുസ്ലിം ലീഗ് സമരപരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത്, ജനങ്ങളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു, എല്ലാവർക്കും വീട് നൽകുന്നു എന്ന പ്രതീതി ഉണ്ടാക്കി, തെരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കുന്നതിന് വേണ്ടിയുള്ള കബളിപ്പിക്കലാണ് ഇടതുപക്ഷ സർക്കാർ നടത്തിയത് എന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നു വർഷങ്ങൾ പലതു കഴിഞ്ഞിട്ടും, ഉത്തരവുകൾ വീണ്ടും വീണ്ടും പുതുക്കി പുറപ്പെടുവിക്കുക അല്ലാതെ, സർക്കാർ നൽകേണ്ട സാമ്പത്തിക വിഹിതം സംബന്ധിച്ച് യാതൊരു വിവരവും ഇപ്പോഴും ലഭ്യമല്ല. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിയിലുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എടുത്തു നൽകി, ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കാം, എന്ന രീതിയിലാണ് സർക്കാർ പുതിയ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്. സർക്കാരിൻറെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കുകയും എന്നാൽ സാമ്പത്തിക ബാധ്യത മുഴുവനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിരടിയിൽ വെച്ച് കെട്ടുകയും ചെയ്യുന്ന നിലപാടാണ്, സംസ്ഥാന സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്. അപേക്ഷ നൽകി വീട് പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ലക്ഷക്കണക്കായ ഭവനരഹിതർ, തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരെ പഴി പറയുന്നതിനു വേണ്ടി, സംസ്ഥാന സർക്കാർ അവസരം ഉണ്ടാക്കി കൊടുക്കുന്ന നിലപാടിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. ഈ കടുത്ത വഞ്ചന സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയും, ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം സർക്കാരിൽ നിന്നു തന്നെ ലഭ്യമാകുന്നതിന് വേണ്ടിയുമുള്ള നടപടികൾ എടുപ്പിക്കുന്നതിനു വേണ്ടിയുമാണ് മുസ്ലിം ലീഗ് പ്രത്യക്ഷമായ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റിയിലെയും ഗ്രാമപഞ്ചായത്തിലെയും സാഹചര്യങ്ങൾക്കനുസരിച്ച് സമയവും സ്ഥലവും നിശ്ചയിച്ച് സമരപരിപാടികൾ അതിഗംഭീരമായി സംഘടിപ്പിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്ത്, മുനിസിപ്പൽ ഘടകങ്ങളോട് അഭ്യർത്ഥിച്ചു. നിയോജകമണ്ഡലം കമ്മിറ്റികൾ ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണമെന്നും, സമരത്തിൻറെ വിശദാംശങ്ങൾ ജില്ലാ ഘടകത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.