ഒപ്പിന്റെ പേരില്‍ വിവാഹം മുടങ്ങാൻ അനുവദിക്കാതെ രക്ഷകനായി മന്ത്രി.

  1. Home
  2. MORE NEWS

ഒപ്പിന്റെ പേരില്‍ വിവാഹം മുടങ്ങാൻ അനുവദിക്കാതെ രക്ഷകനായി മന്ത്രി.

signature news; minister


ഒരു ഒപ്പിന്റെ പേരില്‍ വിവാഹം മുടങ്ങാൻ അനുവദിക്കാതെ രക്ഷകനായി പട്ടികജാതി വികസന മന്ത്രി കെ.രാധാകൃഷ്ണൻ. കായംകുളം പത്തിയൂര്‍ കിഴക്ക് കോയിക്കലേത്ത് തെക്കതില്‍ ബാബു-ജയമോള്‍ ദമ്ബതികളുടെ മകള്‍ ഷാജിതയുടെ വിവാഹമാണ് ബാബുവിന്റെ അസുഖം കാരണം വായ്പ ലഭിക്കാതെ മുടങ്ങുന്ന സ്ഥിതിയിലെത്തിയത്.

ചെട്ടികുളങ്ങര കൈതതെക്ക് പല്ലാരിമംഗലത്ത് ശ്യാംരാജുമായി ഷാജിതയുടെ വിവാഹം കഴിഞ്ഞ ജനുവരി 23 ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. മകളുടെ വിവാഹാവശ്യത്തിനായി ബാബു പട്ടികജാതി വികസന കോര്‍പറേഷനില്‍ നിന്ന് രണ്ടര ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. വായ്പ അനുവദിച്ച്‌ അറിയിപ്പ് വന്ന ജനുവരി 20 ന് ബാബുവിന് ഉദരസംബന്ധമായ അസുഖം കൂടി കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപേക്ഷകന്റെ ഒപ്പില്ലാതെ വായ്പ നല്‍കാനാവില്ലെന്ന് പട്ടികജാതി കോര്‍പറേഷനില്‍ നിന്ന് അറിയിച്ചു.
 
ഇതോടെ വീട്ടുകാര്‍ വാര്‍ഡ് മെംബര്‍ കൂടിയായ പത്തിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനുചെല്ലപ്പനെ സമീപിച്ചു. മനുവിന്റെ നേതൃത്വത്തില്‍ പട്ടികജാതി വികസന മന്ത്രി കെ.രാധാകൃഷ്ണനെ വിവരം അറിയിക്കുകയായിരുന്നു.
പട്ടികജാതി വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മന്ത്രി തന്നെ വിളിച്ച്‌ വീട്ടുകാര്‍ക്ക് വായ്പത്തുക അടിയന്തരമായി എത്തിക്കാന്‍ നിര്‍ദേശിച്ചു. ജനുവരി 21ന് ഓഫീസ് അവധിയായിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഫയല്‍ എടുത്ത് കോട്ടയത്ത് ആശുപത്രിയില്‍ എത്തി ബാബുവിന്റെ ഒപ്പ് രേഖപ്പെടുത്തിയ ശേഷം അന്ന് തന്നെ വീട്ടുകാര്‍ക്ക് പണം കൈമാറുകയായിരുന്നു. 23ന് ചെറിയ പത്തിയൂര്‍ ക്ഷേത്രത്തില്‍ ഷാജിതയും ശ്യാംരാജും വിവാഹിതരായി.

25 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വ്യാഴാഴ്ച ബാബു വീട്ടിലെത്തി. ഏക മകളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാനായില്ലെങ്കിലും നിശ്ചയിച്ച വിവാഹം മനോഹരമായി നടന്നതിന്റെ സന്തോഷത്തിലാണ് ബാബു.