കരുവന്നൂര്‍ ബാങ്കിനെതിരെ കൂടുതല്‍ പരാതികള്‍; പണമില്ലാത്തതിനാല്‍ ചികിത്സ ലഭിക്കാത്തതിനാല്‍ മുമ്പും ഒരാള്‍ മരിച്ചു

കുറുവനൂർ: നിക്ഷേപത്തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന കരുവന്നൂർ സഹകരണ ബാങ്കിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്.
ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സയ്ക്കായി കിട്ടാതെ രണ്ടുദിവസം മുമ്പും ഒരാൾ മരിച്ചു. ബാങ്കിൽ 10.04 ലക്ഷം നിക്ഷേപമുള്ള തളിയക്കോണം സ്വദേശി ഇ.എം. രാമനാണ് (70) ഇരുപത്തിയഞ്ചാം തിയതി മരിച്ചത്.
തലയിലെ ഞരമ്പ് സംബന്ധിച്ച രോഗത്തിന് ചികിത്സ തേടിയിരുന്ന രാമന് വിദഗ്ധ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപ വേണമെന്നാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിക്കാർ ആറിയിച്ചത്. ആശുപത്രിയുടെ കത്തും രാമന്റെ അപേക്ഷയും സഹിതം ബാങ്കിൽ ജൂലൈ 20-ന് അപേക്ഷ നൽകി. എന്നാൽ, 50,000 രൂപ മാത്രമാണ് ബാങ്ക് നൽകിയത്. മതിയായ പണം കിട്ടാത്തതിനാൽ ചികിത്സ ചെറുകിട ആശുപത്രിയിലാക്കി. ഈ ആശുപത്രിയിൽനിന്ന് മടക്കിയയച്ച രാമൻ 25-ന് മരിച്ചു.
വീട് വിറ്റ തുകയാണ് രാമൻ ബാങ്കിലിട്ടത്. സഹോദരിയുെട വീട്ടിലായിരുന്നു താമസം. 99 വയസ്സുണ്ട് സഹോദരിക്ക്. അക്കൗണ്ടിലെ പണം സഹോദരിയുടെ പേരിലേക്ക് മാറ്റണമെന്ന അപേക്ഷയും ബാങ്ക് സ്വീകരിച്ചില്ല