അയ്യനെക്കാണാന്‍ ചൊവ്വാഴ്ച വരെ ശബരിപീഠത്തിലെത്തിയത് രണ്ടരലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍

  1. Home
  2. MORE NEWS

അയ്യനെക്കാണാന്‍ ചൊവ്വാഴ്ച വരെ ശബരിപീഠത്തിലെത്തിയത് രണ്ടരലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍

അയ്യനെക്കാണാന്‍ ചൊവ്വാഴ്ച വരെ ശബരിപീഠത്തിലെത്തിയത് രണ്ടരലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍


ശബരിമല. നട തുറന്ന് ആദ്യആറ്ദിവസം പിന്നിടുമ്പോള്‍ അയ്യനെക്കാണാന്‍ ശബരി പീഠത്തിലെത്തിയത് 2,61,874 തീര്‍ഥാടകരാണെന്ന് ദേവസ്വം വകുപ്പുമന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സൂചനകള്‍. നട തുറന്ന 17 ന് 47,947പേരാണ് ദര്‍ശനത്തിന് എത്തിയത്. സമാധാനപരമായ അന്തരീക്ഷത്തില്‍, പരാതികള്‍ക്കിടയില്ലാത്ത മണ്ഡലകാലമായതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ ഇവിടേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി സൂചിപ്പിച്ചു. ദര്‍ശന സമയക്രമം നീട്ടിയത് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിട്ടുണ്ട്. രാവിലെ അഞ്ചിന് എന്നത് പുലര്‍ച്ചെ മൂന്ന് മുതലാക്കി. ഉച്ചക്കുശേഷം വൈകിട്ട് മൂന്നിനും നട തുറക്കും. ഇത് ഭക്തരുടെ കാത്തുനില്‍പ്പിനുള്ള സമയക്രമത്തിലും കുറവ് വരുത്തിയിട്ടുണ്ട്. കെ എസ് ആര്‍ടിസി ഇതുവരെ നിലയ്ക്കല്‍ - പമ്പ റൂട്ടിലും തിരിച്ചും 6693 സര്‍വീസ് നടത്തി. ശബരിമലയിലെ വിവിധ ചികില്‍സാ കേന്ദ്രങ്ങളിലായി 9142 പേരും ചികില്‍സ തേടി. ഭക്തരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിന് മാത്രമായി പ്രത്യേക മെയില്‍ ഐഡി ആരംഭിച്ചിട്ടുണ്ട്. saranam2022.23@gmail.com ഇതില്‍ വരുന്ന പരാതികളും നിര്‍ദ്ദേശങ്ങളും അതത് ദിവസം അവലോകനം ചെയ്ത് അപര്യാപ്തതകള്‍ പരിഹരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.