ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ജില്ലയിൽ ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു* *ജില്ലാതല ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു*

പാലക്കാട്. സാക്ഷരതാ മിഷന്‍ അതോറിറ്റി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു. സർവേയുടെ ജില്ലാതല ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. പരിപാടിയില്‍ മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല അധ്യക്ഷയായി. 800 -ഓളം വളണ്ടിയർമാരുടെ സഹകരണത്തോടെ ഒക്ടോബര്‍ 12 വരെ നടക്കുന്ന സര്‍വ്വേയ്ക്ക് തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, അംഗങ്ങള്‍, പ്രേരക്മാര്‍ നേതൃത്വം നല്‍കും.
പട്ടികജാതി-പട്ടികവര്‍ഗ്ഗ-ന്യൂനപക്ഷ വിഭാഗക്കാര്‍, അതിര്‍ത്തി പ്രദേശങ്ങളിലെ നിരക്ഷരര്‍ എന്നിവരെ കണ്ടെത്തി 2023 ജനുവരിയോടെ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർവ്വേക്ക് ശേഷം ഒക്ടോബര്‍ 15 മുതല്‍ ഇവര്‍ക്കുള്ള ക്ലാസുകള്‍ നൽകും.
മേലാര്‍കോട് ഗ്രാമപഞ്ചായത്ത് വലതല സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജ്നാ ഹസൻ, വാർഡ് അംഗങ്ങളായ സുജാത, ഓമന മുരുകൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ആർ. സന്തോഷ്, പ്രേരക് വി. സജിത, ജില്ലാ സാക്ഷരതാ സമിതി അംഗം ഒ. വിജയൻമാസ്റ്റർ എന്നിവർ സംസാരിച്ചു.