ഓണം ബംപർ ഒന്നാം സമ്മാനം 25 കോടി; ടിക്കറ്റ് വില 500 രൂപ

  1. Home
  2. MORE NEWS

ഓണം ബംപർ ഒന്നാം സമ്മാനം 25 കോടി; ടിക്കറ്റ് വില 500 രൂപ

Lottery


തിരുവോണം ബംപറിന്റെ തുക വർധിപ്പിക്കാൻ ലോട്ടറി വകുപ്പിന് സംസ്ഥാന സർക്കാർ അനുമതി നൽകി. നിലവിൽ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായി നൽകുന്നത് 12 കോടി രൂപയാണ്. ഇത് 25 കോടിയായി ഉയർത്താനാണ് സർക്കാർ അനുമതി നൽകിയത്. കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. തിരുവോണം ബംപറിൽ മൊത്തം 126 കോടി രൂപ സമ്മാനമായി നൽകാനുള്ള നിർദേശത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്. 
സമ്മാനത്തുക ഉയരുന്നതിനോടൊപ്പം ടിക്കറ്റ് വിലയും ഉയരും. കഴിഞ്ഞ വർഷം വരെ ഓണം ബംപർ സമ്മാനത്തുക 12 കോടി രൂപയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. ഇക്കുറി 300 രൂപയിൽ നിന്ന് 500 രൂപയായാണ് ടിക്കറ്റ് വില ഉയരുക. രണ്ടാം സമ്മാനമായി 5 കോടി രൂപയും മൂന്നാം സമ്മാനമായി 10 പേർക്ക് ഒരു കോടി രൂപ വീതവും നൽകാനാണ് ശുപാർശ. ടിക്കറ്റ് വില്പന ആരംഭിക്കുന്നത് ജൂലൈ 18 നാണ്. സെപ്റ്റംബർ 18 നാണ് ഞറുക്കെടുപ്പ്. 2.50 കോടി രൂപ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് കമ്മീഷനായി ലഭിക്കും. 
4 ലക്ഷം സമ്മാനങ്ങളാണ് നൽകുക. സമ്മാനത്തുകയിൽ 72 കോടി രൂപയുടെ വർധനയാണ് ഉണ്ടാകുക. സമാശ്വാസ സമ്മാനമായി 9 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഇതിനു പുറമെ 1 ലക്ഷം രൂപ വീതം 90 പേർക്കും 5000 രൂപ വീതം 72,000 ടിക്കറ്റുകൾക്കും സമ്മാനമായി നൽകും. സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് കൊണ്ട് ടിക്കറ്റിന്റെ സ്വീകാര്യതയും പ്രചാരവും കൂട്ടുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.