ബലാത്സംഗ കേസ്; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി റദ്ദാക്കണമെന്ന് ആവശ്യം; അതിജീവത സുപ്രീം കോടതിയില്‍

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനു ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരിയായ നടി സുപ്രീംകോടതിയില്‍. പ്രതിയുടേത് നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ്. കേസിലെ തെളിവുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും നടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചതെന്നും പരാതി നല്‍കിയതറിഞ്ഞ് നിയമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് വിദേശത്തേക്ക് കടന്നതെന്നും യുവനടി പറഞ്ഞു.
വിജയ് ബാബുവിന് ജ്യമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ നടപടി 438 ചട്ടപ്രകാരം വിദേശത്ത് നിന്ന് ഫയല്‍ ചെയ്യുന്ന ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയത്.
ജൂണ്‍ 22-ാം തീയതിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപയുടെ ബോണ്ടും കര്‍ശന ഉപാധികളോടു കൂടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.