റേഷൻ വിതരണ സംവിധാനം കാലോചിതമായി പരിഷ്കരിക്കും*: *മന്ത്രി ജി.ആർ.അനിൽ

പാലക്കാട്..സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനം ജനങ്ങൾക്കു കൂടുതൽ സൗകര്യപ്പെടുന്ന രീതിയിൽ കാലോചിതമായി പരിഷ്കരിക്കുമെന്നു ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ.അനിൽ.
ആദ്യവാസി മേഖലയിൽ റേഷൻ വിതരണം കാര്യക്ഷമമാക്കാൻ സഞ്ചരിക്കുന്ന റേഷൻ കടകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കും. റേഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ ശാശ്വതമായ പരിഹാര മാർഗം ഉടൻ നടപ്പാക്കും. ആദിവാസി മേഖലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്. പോഷകാഹാരങ്ങളുടെ വിതരണം ഉൾപ്പെടെ സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെ നടപ്പാക്കാനാണു ശ്രമമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാളയാര്‍,നടുപ്പതി ആദിവാസി കോളനിയിലും മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ആനക്കല്ല്,എലകുത്താന്‍പാറ ആദിവാസി കോളനിയിലും നടന്ന പരിപാടികളിൽ എ.പ്രഭാകരൻ എം.എൽ.എ. അധ്യക്ഷനായി. ജില്ലാ കലക്ടർ മൃൺമയി ജോഷി, പുതുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജീഷ്, വാർഡ് അംഗം ആൽബർട്ട് എസ്.കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സുന്ദരി, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത, മലമ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം അഞ്ജു ജയന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ. എസ് ഗോകുല്‍ദാസ് തുടങ്ങിയവർ പങ്കെടുത്തു.