ശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് സി.ടി. രവികുമാർ

ശബരിമല: സന്നിധാനത്ത് 'പുണ്യം പൂങ്കാവനം' ശുചീകരണപ്രവർത്തനങ്ങളിൽ സജീവപങ്കാളിയായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ. ശബരിമല ദർശനത്തിനെത്തിയ ജസ്റ്റീസ് സി.ടി. രവികുമാർ രാവിലെ ഒൻപതു മണി മുതൽ സന്നിധാനത്തു നടന്ന ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കറുപ്പണിഞ്ഞെത്തിയ ജസ്റ്റീസ് സി.ടി. രവികുമാർ ചാക്കുകളിലും മാലിന്യനിക്ഷേപ ബിന്നുകളിലുമുണ്ടായിരുന്ന മാലിന്യങ്ങൾ സ്വയം ചുമന്നു ട്രാക്ടറിലേക്കു മാറ്റി. പുണ്യം പൂങ്കാവനം ഓഫീസിനു സമീപവും, അയ്യപ്പസേവാ സംഘം അന്നദാനമണ്ഡപത്തിനു മുന്നിലും ധനലക്ഷ്മി ബാങ്കിനു സമീപവുമുണ്ടായിരുന്ന മാലിന്യങ്ങൾ പൂർണമായും നീക്കുന്നതിന് ജസ്റ്റിസ് സി.ടി. രവികുമാർ നേതൃത്വം നൽകി. ശുചീകരണപ്രവർത്തനങ്ങൾക്കു മുമ്പ് പുണ്യം പൂങ്കാവനം ഓഫീസിലെത്തിയ ജസ്റ്റിസ് സി.ടി. രവികുമാർ സന്ദർശകഡയറിയിൽ പുണ്യം പൂങ്കാവനം പദ്ധതിയെ അനുമോദിച്ച് കുറിപ്പെഴുതി.
വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തുനടന്ന ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്രചടങ്ങിലും ജസ്റ്റീസ് സി.ടി. രവികുമാർ സംബന്ധിച്ചിരുന്നു.
ശബരിമല അസിസ്റ്റന്റ് സ്‌പെഷൽ ഓഫീസർ നിഥിൻ രാജ്, ദ്രുതകർമസേന ഡെപ്യൂട്ടി കമാൻഡന്റ് ജി. വിജയൻ, സന്നിധാനം പോലീസ് അസിസ്റ്റന്റ് കമാൻഡന്റ് സി.പി. അശോകൻ, ഓഫീസർ കമാൻഡന്റുമാരായ എ. ഷാജഹാൻ, ബാലകൃഷ്ണൻ, സി.കെ. കുമാരൻ എന്നിവർ ശുചീകരണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. പുണ്യം പൂങ്കാവനം പോലീസ് സേനാംഗങ്ങൾ, ദ്രുതകർമസേന(ആർ.എ.എഫ്), ദേശീയദുരന്തപ്രതികരണ സേന(എൻ.ഡി.ആർ.എഫ്.) അംഗങ്ങൾ, അഗ്നി രക്ഷാ സേന, എക്‌സൈസ്, വനംവകുപ്പ് ജീവനക്കാർ, പുണ്യം പൂങ്കാവനം വോളണ്ടിയർമാർ, അഖില ഭാരത അയ്യപ്പ സേവാസംഘം വോളണ്ടിയർമാർ, അയ്യപ്പഭക്തർ, ശുചീകരണത്തൊഴിലാളികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.