ഭാര്യയുമായി ലൈം​ഗിക ബന്ധത്തിലേര്‍പ്പെടാന്‍ തടവുപുള്ളിക്ക് 15 ദിവസത്തെ പ്രത്യേക ജാമ്യം നൽകി ഹൈക്കോടതി

  1. Home
  2. MORE NEWS

ഭാര്യയുമായി ലൈം​ഗിക ബന്ധത്തിലേര്‍പ്പെടാന്‍ തടവുപുള്ളിക്ക് 15 ദിവസത്തെ പ്രത്യേക ജാമ്യം നൽകി ഹൈക്കോടതി

court order


ഭാര്യയുമായി ലൈം​ഗിക ബന്ധത്തിലേര്‍പ്പെടാന്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന യുവാവിന് ജാമ്യം അനുവദിച്ച്‌ കോടതി.
രാജസ്ഥാന്‍ ഹൈക്കോടതിയാണ് ഭില്‍വാര ജില്ലക്കാരനായ നന്ദലാലിന് ഭാര്യക്കൊപ്പം കഴിയാന്‍ 15 ദിവസത്തെ ജാമ്യം അനുവദിച്ചത്. ഭര്‍ത്താവില്‍ നിന്ന് കുഞ്ഞുവേണമെന്ന യുവതിയുടെ അപേക്ഷ പരി​ഗണിച്ചാണ് ജഡ്ജിമാരായ സന്ദീപ് മേത്ത, ഫര്‍ജന്ദ് അലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രത്യേക ജാമ്യം നല്‍കിയത്.

പരോളില്‍ ഒരു കുഞ്ഞ് ജനിക്കുന്നതിന് വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും എന്നാല്‍ വംശാവലി സംരക്ഷിക്കുന്നതിനായി അടുത്ത തലമുറയുണ്ടാകുന്നത് മതപരവും സാംസ്കാരികവുമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഋഗ്വേദത്തിന്റെയും വേദ ശ്ലോകങ്ങളുടെയും ഉദാഹരണം നല്‍കുകയും ഒരു കുട്ടിയുടെ ജനനം മൗലികാവകാശമാണെന്ന് നിരീക്ഷിക്കുകയുമായിരുന്നു കോടതി.

2019 ഫെബ്രുവരി 6 മുതല്‍ അജ്മീര്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് നന്ദലാല്‍. ശിക്ഷിക്കപ്പെടുന്നതിന് തൊട്ടുമുന്പാണ്  ഇയാള്‍ വിവാഹിതനായത്. 11 മാസം മുമ്ബ് മെയ്യിലാണ് നന്ദലാലിന് 20 ദിവസം പരോള്‍ ലഭിച്ചത്.

തടവ് ശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവില്‍ നിന്ന് ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കളക്ടറെ സമീപിക്കുകയും പരോള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കളക്ടര്‍ തന്റെ ഹര്‍ജിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് സ്ത്രീ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീയുടെ വാദം കേട്ട കോടതി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ നന്ദലാലിന് 15 ദിവസത്തെ പരോള്‍ അനുവദിച്ച്‌ ഉത്തരവിട്ടു.