കരിപ്പൂര്‍വിമാനത്താവളത്തിന്റെ റണ്‍വേ യുടെ നീളം കുറക്കില്ല.

കോഴിക്കോട്: റണ്‍വേ നീളം കുറക്കാനുളള നടപടി റദ്ദ് ചെയ്ത് എയർപോർട്ട് അതോറിറ്റി ഉത്തരവിറക്കി. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കാനുള്ള നടപടിയാണ് റദ്ദാക്കിയത്.
റൺവേ 2860 മീറ്റർ ഉള്ളത് 2540 മീറ്റർ ആയി ചുരുക്കി രണ്ടു വശത്തും റെസ 240 മീറ്ററായി വർധിപ്പിക്കാൻ വേണ്ടിയായിരുന്നു നടപടി. ഇതിനോടൊപ്പമുള്ള അനുബന്ധ പ്രവൃത്തികളും താൽക്കാലികമായി നിർത്തിവെക്കാനാണ് നിർദേശം ലഭിച്ചിരിക്കുന്നത്.
സുരക്ഷ കൂട്ടാനെന്ന പേരിലായിരുന്നു റിസയുടെ നീളം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിന് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. കരിപ്പൂരിൽ 2860 മീറ്ററാണ് റൺവേയുടെ നീളം. ഇതിന് ശേഷം 90 മീറ്ററാണ് റിസയുള്ളത്. 2017ൽ റിസ 240 മീറ്റർ വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ റൺവേയിൽനിന്ന് 150 മീറ്റർ റിസയായാണ് പരിഗണിച്ചത്.
ഇതിന് പകരം റൺവേയുടെ രണ്ടറ്റത്തും 150 മീറ്റർ വീതം എടുത്ത് റിസ 240 മീറ്ററായി വർധിപ്പിക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശിച്ചിരുന്നത്. രണ്ട് വശത്തും 240 മീറ്റർ ചതുപ്പ് നിലമായി മാറ്റണമെന്ന നിർദേശമാണ് ലഭിച്ചത്.
ഇതിനായി രണ്ട് ഭാഗത്തുനിന്നും 150 മീറ്റർ കുറയുന്നതോടെ റൺവേ 2560 മീറ്ററായി ചുരുങ്ങും. അതോറിറ്റി ആസ്ഥാനത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ചിരുന്നു. റൺവേ നീളം കുറക്കുകയാണെങ്കിൽ രണ്ട് ഭാഗത്തെയും ഇൻസ്ട്രുമെൻറ് ലാൻഡിങ് സംവിധാനം (ഐ.എൽ.എസ്), ലൈറ്റിങ് സംവിധാനം, ടേണിങ് പാഡ് തുടങ്ങിയവയെല്ലാം മാറ്റിസ്ഥാപിക്കണം.