പാലക്കാട് ജില്ലയില്‍ എസ്ഡിപിഐ വേട്ടയാടപ്പെടുന്നത് എന്തുകൊണ്ട്? ജില്ലാ തല പ്രചാരണം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ

  1. Home
  2. MORE NEWS

പാലക്കാട് ജില്ലയില്‍ എസ്ഡിപിഐ വേട്ടയാടപ്പെടുന്നത് എന്തുകൊണ്ട്? ജില്ലാ തല പ്രചാരണം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ

പാലക്കാട് ജില്ലയില്‍ എസ്ഡിപിഐ  വേട്ടയാടപ്പെടുന്നത് എന്തുകൊണ്ട്? ജില്ലാ തല പ്രചാരണം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ


പാലക്കാട്: 'പാലക്കാട് ജില്ലയില്‍ എസ്ഡിപിഐ വേട്ടയാടപ്പെടുന്നത് എന്തുകൊണ്ട് ?' എന്ന പ്രമേയമുയര്‍ത്തി പാലക്കാട് ജില്ലാ കമ്മിറ്റി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ ജില്ലാ തല പ്രചാരണം നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും ബഹുസ്വരതയെയും ഉള്‍ക്കൊണ്ടുകൊണ്ട് സാമൂഹിക ജനാധിപത്യം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ബഹുജന രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്ഡിപിഐ. എന്നാല്‍ രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞ് വിദ്വേഷ കലുഷിതമായ സാമൂഹിക ധ്രൂവീകരണത്തിലൂടെ വര്‍ണാടിസ്ഥാനത്തിലുള്ള ഏകശിലാ ധ്രുവരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് രാജ്യം ഭരിക്കുന്ന ബിജെപി ഭരണകൂടം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ-ദേശ വിരുദ്ധ നയനിലപാടുകളെയും ഭരണകൂട ഭീകരതയെയും വിമര്‍ശിക്കുന്നവരെ തടവിലാക്കിയും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തും നിശബ്ദമാക്കുകയാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍. അവര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് പാലക്കാട് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനു മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് സംസ്ഥാനത്തെ സമീപകാല സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. 


ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ പ്രതികളായ കേസുകളില്‍ അവര്‍ക്ക് തണലൊരുക്കുകയും എസ്ഡിപിഐക്കെതിരായ ആരോപണങ്ങളില്‍ കടുത്ത വിവേചനവും അടിച്ചമര്‍ത്തലുകളും തുടരുകയാണ്. ഉദാഹരണമായി, എലപ്പുളിയില്‍ സുബൈറിനെ ആര്‍എസ്എസ് സംഘം മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റു ചെയ്യാനോ ഗൂഢാലോചന കണ്ടെത്താനോ പോലീസിന് താല്‍പ്പര്യമില്ല. അതേസമയം അതിനു ശേഷം നടന്ന മറ്റൊരു സംഭവത്തിന്റെ പേരില്‍ വ്യാപകമായി അറസ്റ്റും കള്ളക്കേസുകളുമായി പോലീസ് വേട്ട തുടരുകയാണ്. ആദ്യ കേസില്‍ ഗൂഢാലോചനയില്ല, പ്രതികള്‍ ആദ്യം മൂന്നു പേര്‍ (പിന്നീട് ജനകീയ പ്രതിഷേധം ശക്തമായപ്പോള്‍ ഒന്‍പതായി), നേതാക്കള്‍ക്കെതിരേ അന്വേഷണമില്ല, വ്യക്തി വൈരാഗ്യമായി ചുരുങ്ങുന്നു. മറുവശത്ത് പൊടുന്നനെയുണ്ടായ സംഭവത്തില്‍ വ്യാപക അറസ്റ്റ്. പ്രവാസികളുടെ വീടുകളില്‍ പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വൈര്യമായി ' ഉറങ്ങാന്‍ കഴിയുന്നില്ല. 

പോലീസ് കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി എസ്ഡിപിഐ സംസ്ഥാന സമിതിയംഗം എസ് പി അമീറലിയെ അറസ്റ്റു ചെയ്ത് തടവിലാക്കിയിരിക്കുകയാണ്. വാര്‍ത്താ സമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പൊതുപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അമീറലിയെയാണ് കള്ളക്കേസ് ചുമത്തി തടവിലാക്കിയിരിക്കുന്നത്. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച് മൊഴിയെടുക്കാനെന്നു പറഞ്ഞ് വിളിച്ചുവരുത്തിയാണ് അമിറലിയെ കസ്റ്റഡിയിലെടുത്തത്. ഇത്തരത്തില്‍ നിരവധി യുവാക്കളെയാണ് ദിനംപ്രതി കേസില്‍ പ്രതിചേര്‍ത്തുകൊണ്ടിരിക്കുന്നത്. ഇത് പകപോക്കലും കടുത്ത വിവേചനവും സംഘപരിവാര ദാസ്യവുമാണ്. പാലക്കാട് പോലീസിന്റെ ഈ വിവേചനവും വംശീയ നിലപാടും പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. 
ഇതിന്റെ ഭാഗമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 9 വരെ മണ്ഡലം തലങ്ങളില്‍ വാഹന പ്രചാരണ ജാഥ, പ്രതിഷേധ സംഗമങ്ങള്‍, ഗൃഹസന്ദര്‍ശനം എന്നിവയും തുടര്‍ന്ന് ഡിസംബര്‍ 15 ന് വൈകുന്നേരം 4 ന് പാലക്കാട് വെച്ച് പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തും. മണ്ഡലം തലത്തിലുള്ള പ്രതിഷേധ സംഗമങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന്, ഷെഹീര്‍ ചാലിപ്പുറം (ജില്ലാ പ്രസിഡന്റ്)
- അലവി കെ ടി (ജില്ലാ ജനറല്‍ സെക്രട്ടറി)
- സക്കീര്‍ ഹുസൈന്‍ (ജില്ലാ കമ്മറ്റിയംഗം)
-എ വൈ കുഞ്ഞിമുഹമ്മദ് (ജില്ലാ കമ്മറ്റിയംഗം) എന്നിവർ അറിയിച്ചു.