രാപ്പാടിയുടെ സന്ധ്യയില്‍ ശ്രാവണപ്പൊലിമക്ക് വര്‍ണാഭമായ തുടക്കം* *മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു*

  1. Home
  2. MORE NEWS

രാപ്പാടിയുടെ സന്ധ്യയില്‍ ശ്രാവണപ്പൊലിമക്ക് വര്‍ണാഭമായ തുടക്കം* *മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു*

രാപ്പാടിയുടെ സന്ധ്യയില്‍ ശ്രാവണപ്പൊലിമക്ക് വര്‍ണാഭമായ തുടക്കം*  *മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു*


പാലക്കാട്. സംസ്ഥാന ടൂറിസം വകുപ്പിന്റെയും പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ശ്രാവണപ്പൊലിമക്ക് രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായ തുടക്കം. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്ഉദ്ഘാടനം ചെയ്തു. 
ഓണം വ്യത്യസ്തമാകുന്നത് മാനവികതയുടെ ഐതിഹ്യമുള്ളതിനാലാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യര്‍ ഒരുപോലെ കഴിഞ്ഞ കാലം എന്ന സങ്കല്‍പം എക്കാലവും മനുഷ്യര്‍ കൊണ്ടു നടന്ന ആഗ്രഹവും സ്വപ്‌നവുമാണ്. എല്ലാവരും തുല്യരാവുന്ന കാലത്ത് എല്ലാ ദിവസവും ഓണമാകുമെന്നും അത് സാധ്യമാകട്ടെയെന്നും മന്ത്രി ആശംസിച്ചു.  
കടുത്ത പ്രതിസന്ധികളിലും ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ 19,000 കോടി രൂപയാണ് ജനങ്ങളിലെത്തിച്ചത്. സാമൂഹ്യ പെന്‍ഷനായും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഉത്സവബത്തയും ബോണസുമായും ഹരിതകര്‍മ്മ സേനക്കുള്ള ആനുകൂല്യമായുമൊക്കെയായി ഈ തുക വിപണിയിലെത്തിക്കാനായി. 2100 കോടി രൂപ നെല്ല് സംഭരിച്ചതിനായി നല്‍കി. പണം ജനങ്ങളിലെത്തിയതിനാല്‍ കമ്പോളം സജീവമായി. സാമ്പത്തിക ഞെരുക്കത്തിന്റെ ആഘാതം ജനങ്ങളിലേല്‍പ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. മനുഷ്യരെ ഒരുമിപ്പിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്താതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാവേണ്ട കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. കള്ളവും ചതിയുമില്ലാത്ത നന്മയുടെ ഓണം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ആഘോഷിക്കാനള്ള അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും എം.എല്‍.എ പറഞ്ഞു. കാണം വില്‍ക്കാതെ ഓണമുണ്ണാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ 'ഓണം ഒരു പാലക്കാടന്‍ പാട്ട്' എന്ന സ്വന്തം കവിത ചൊല്ലിയത് പുതുമയുള്ള അനുഭവമായി. ഓണാഘോഷത്തിന് ശ്രാവണപ്പൊലിമ എന്ന പേര് നിര്‍ദേശിച്ച കൊല്ലങ്കോട് സ്വദേശി എന്‍. ഭാസ്‌കരനും ലോഗോ രൂപകല്‍പന ചെയ്ത തേങ്കുറുശ്ശി സ്വദേശിനി കെ.എസ് ഭാവനക്കും 5000 രൂപയുടെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൂക്കളമത്സര വിജയികള്‍ക്കും സമ്മാനം വിതരണം ചെയ്തു. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിരയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
വിദേശികളടക്കം കാണികളായെത്തിയ പരിപാടിക്ക് കൊല്ലങ്കോട് വിശ്വരൂപം കലാസമിതി അവതരിപ്പിച്ച ശിങ്കാരിമേളത്തോടെയാണ് തുടക്കമായത്. തുടര്‍ന്ന് ഉമ്പായീസ് കാരവന്‍സ് അവതരിപ്പിച്ച പകര്‍ന്നും പറഞ്ഞും പാടിയും എന്ന പരിപാടിയും ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിച്ച ആദിതാളവും അരങ്ങേറി.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, ജില്ലാ കലക്ടര്‍ എസ്. ചിത്ര, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, നിര്‍വാഹക സമിതി അംഗങ്ങളായ ടി.കെ ദേവദാസ്, ടി.എം ശശി, മുരളി കെ. താരേക്കാട് എന്നിവര്‍ സംസാരിച്ചു.