\u0D2D\u0D3F\u0D28\u0D4D\u0D28\u0D36\u0D47\u0D37\u0D3F\u0D15\u0D4D\u0D15\u0D3E\u0D7C\u0D15\u0D4D\u0D15\u0D4D \u0D38\u0D39\u0D3E\u0D2F \u0D09\u0D2A\u0D15\u0D30\u0D23\u0D19\u0D4D\u0D19\u0D7E; \u0D35\u0D48\u0D15\u0D4D\u0D15\u0D24\u0D4D\u0D24\u0D4D \u0D2E\u0D46\u0D21\u0D3F\u0D15\u0D4D\u0D15\u0D7D \u0D15\u0D4D\u0D2F\u0D3E\u0D2E\u0D4D\u0D2A\u0D4D \u0D28\u0D1F\u0D24\u0D4D\u0D24\u0D3F

  1. Home
  2. MORE NEWS

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ; വൈക്കത്ത് മെഡിക്കൽ ക്യാമ്പ് നടത്തി

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ;   വൈക്കത്ത് മെഡിക്കൽ ക്യാമ്പ് നടത്തി


കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ സഹായ ഉപകരണങ്ങൾ ആവശ്യമുള്ള ഭിന്നശേഷിക്കാരെ കണ്ടെത്തി സൗജന്യമായി ഇവ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. തോമസ് ചാഴികാടൻ എം.പി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സാമൂഹിക നീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ എൻ.പി. പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി  അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വൈക്കം താലൂക്ക് ആശുപത്രിയിലെ വിവിധവിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘം പരിശോധനാ ക്യാമ്പിൽ പങ്കെടുത്തു. 

ചെമ്പ്, മറവന്തുരുത്ത്, ഉദയനാപുരം, തലയാഴം, ടി.വി. പുരം, വെച്ചൂർ എന്നീ പഞ്ചായത്തുകളിൽ നിന്നായി 98 പേർ  ക്യാമ്പിലെത്തി.  

ചലനശേഷി കുറഞ്ഞവർക്ക് വീൽചെയർ, മാന്വൽ ട്രൈസൈക്കിൾ, ക്രച്ചസ്, വാക്കിംഗ് സ്റ്റിക്, റൊളേറ്റർ, കൃത്രിമ അവയവങ്ങൾ എന്നിവയും കാഴ്ചശക്തി കുറഞ്ഞവർക്ക് പ്രത്യേക സ്മാർട് ഫോൺ, പ്രത്യേക ഊന്നു വടി, ബ്രെയ്‌ലി സ്ലേറ്റ്, ബ്രെയ്‌ലി കിറ്റ്, ഡെയ്‌സി പ്ലയർ തുടങ്ങിയവയും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് സെറിബ്രൽ പൾസി വീൽചെയർ, കേൾവി ശക്തി കുറഞ്ഞവർക്ക് സഹായ ഉപകരണങ്ങൾ, കുഷ്ഠരോഗ ബാധിതർക്ക് പ്രത്യേക ഉപകരണങ്ങൾ എന്നിവ എം.പി.യുടെയും ജില്ലാ കളക്ടറുടെയും നിർദ്ദേശപ്രകാരം അലിംകോയുടെ സഹകരണത്തോടെയാണ് ലഭ്യമാക്കുക.