ഓണത്തിന് മുമ്പ് കര്‍ഷകര്‍ക്ക് നെല്ല് സംഭരണ തുക ലഭിക്കും: മന്ത്രി എം.ബി രാജേഷ് കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു

തൃത്താല. നെല്ല് സംഭരണ തുക ഇനിയും കിട്ടാത്ത കര്‍ഷകര്‍ക്ക്
ഓണത്തിന് മുമ്പ്
ലഭിക്കുമെന്ന് തദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃത്താല ഗ്രാമപഞ്ചായത്ത്-തൃത്താല കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2700 കോടിയാണ് നെല്ലിന്റെ സംഭരണ വിലയായി സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത്. അതില്‍ 2400 കോടി വിതരണം ചെയ്തു. ഓണത്തിന് മുമ്പ് അവശേഷിക്കുന്ന 300 കോടി കൂടി എല്ലാവര്‍ക്കും കൊടുക്കുമെന്ന് ധനകാര്യ മന്ത്രി ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ താങ്ങുവില നല്‍കുന്നത് കേരളത്തിലാണ്. അടുത്ത വിള മുതല്‍ സഹകരണ ബാങ്കുകള്‍ മുഖേന കാലത്താമസമില്ലാതെ കൃഷിക്കാര്‍ക്ക് നെല്ലിന്റെ സംഭരണ തുക ലഭ്യമാക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കും. കേന്ദ്രം സംസ്ഥാനത്തിന്റെ വിഹിതം ഗണ്യമായി വെട്ടി കുറിച്ചിരിക്കുകയാണ്. ആ പ്രതിസന്ധികള്‍ക്കിടയിലും 2400 കോടി രൂപ സംസ്ഥാനം നല്‍കി. ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ നല്‍കുന്നത് കേരളത്തിലാണ്.
തരിശ് രഹിതമായ തൃത്താല ലക്ഷ്യം കൈവരിക്കാനുള്ള കഠിന ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് തൃത്താലയില്‍ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഫലമായി 562 ഹെക്ടര്‍ സ്ഥലത്ത് അധികമായി കൃഷി ചെയ്യാന്‍ സാധിച്ചു. 200 ഹെക്ടര്‍ സ്ഥലത്ത് ഏറെക്കാലമായി നടക്കാതിരുന്ന പുഞ്ച കൃഷി രണ്ടാം വിള പുനരാരംഭിച്ചു. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി 76,285 തൈ വാങ്ങി, 50,675 തെങ്ങിന്‍ തൈകള്‍ നട്ടു. ഇതിനുപുറമേ കൃഷിശ്രീ, ക്ഷീര ഗ്രാമം എന്നിവയാണ് തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന കാര്‍ഷിക പദ്ധതികള്‍. മണ്ഡലത്തില്‍ പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിക്കാന്‍ ആരംഭിച്ചു. കുടുംബശ്രീ വഴി 52,000 പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. 24 ജലസേചന പദ്ധതിയാണ് രണ്ട് വര്‍ഷം കൊണ്ട് തൃത്താലയില്‍ പുതുതായി ആവിഷ്‌കരിച്ചത്. 24 ജലസേചന പദ്ധതികള്‍ക്കായി 111.97 കോടി രൂപ അനുവദിച്ചുകിട്ടി. അതില്‍ മൂന്നെണ്ണം പൂര്‍ത്തിയായി. എട്ടെണ്ണം ടെന്‍ഡര്‍ ആയി. ബാക്കി ഭരണാനുമതിയായെന്നും മന്ത്രി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കര്‍ഷകരെ ആദരിക്കല്‍, കര്‍ഷിക അനുഭവം പങ്കുവെക്കല്‍, എന്നിവ നടന്നു. തൃത്താല ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസന്‍ അധ്യക്ഷനായി. ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. നാഗലശ്ശേരി, ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളിലെയും കര്‍ഷക ദിനാഘോഷത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.