\u0D38\u0D4D\u0D24\u0D4D\u0D30\u0D40 \u0D38\u0D2E\u0D24\u0D4D\u0D35 \u0D2E\u0D41\u0D28\u0D4D\u0D28\u0D47\u0D31\u0D4D\u0D31 \u0D2A\u0D4D\u0D30\u0D1A\u0D3E\u0D30\u0D23\u0D02; '\u0D38\u0D2E\u0D02' \u0D1C\u0D3F\u0D32\u0D4D\u0D32\u0D3E\u0D24\u0D32 \u0D09\u0D26\u0D4D\u0D18\u0D3E\u0D1F\u0D28\u0D02 \u0D28\u0D35\u0D02\u0D2C\u0D7C 26 \u0D28\u0D41

  1. Home
  2. MORE NEWS

സ്ത്രീ സമത്വ മുന്നേറ്റ പ്രചാരണം; 'സമം' ജില്ലാതല ഉദ്ഘാടനം നവംബർ 26 നു

സ്ത്രീ സമത്വ മുന്നേറ്റ പ്രചാരണം


കോട്ടയം: സ്ത്രീ-പുരുഷ സമത്വമെന്ന ആശയ പ്രചരണത്തിനായി സാംസ്‌കാരിക വകുപ്പ് കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന 'സമം' പരിപാടിക്ക് നവംബർ 26 തുടക്കമാകും. വൈകിട്ട് 3.30ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി പദ്ധതി പരിപ്രേക്ഷ്യം വിശദീകരിക്കും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സമം സംസ്ഥാന പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ പ്രൊഫ. സുജ സൂസൻ ജോർജ്ജ്, ലളിതകലാ അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ്, വൈസ് ചെയർമാൻ എബി എൻ. ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അക്കാദമി സെക്രട്ടറി പി.വി. ബാലൻ എന്നിവർ പങ്കെടുക്കും. 

സമം പരിപാടിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി  നവംബർ 26 മുതൽ സംസ്ഥാനത്തെ പ്രമുഖരായ 25 വനിതകൾ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പും നവംബർ 26 മുതൽ 28 വരെ വിദ്യാർഥിനികൾക്കായി ചിത്രകലാ കളരിയും സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, വിവിധ വകുപ്പുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുക. നവംബർ 30 ന് ചിത്രകലാ ക്യാമ്പിന്റെ സമാപന ചടങ്ങിൽ ജില്ലയിലെ പ്രമുഖ വനിതകളെ ആദരിക്കും. 

ക്യാമ്പ് ദിവസങ്ങളിൽ വിവിധ മേഖലകളിൽ പ്രശസ്തരായ വനിതകൾ അനുഭവം പങ്കുവയ്ക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതൽ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരും കുടുബശ്രീ  പ്രവർത്തകരും അവതരിപ്പിക്കുന്ന മ്യൂസിക് ഫൂഷൻ, കരോക്കെ ഗാനമേള, വിൽപ്പാട്ട്, നാടൻ പാട്ട്, ഡാൻസ്, കവിതാലാപനം, തീമാറ്റിക് ഡാൻസ്, നാടകം എന്നിവ, വിവിധ സാംസ്‌കാരിക പരിപാടികൾ എന്നിവ അരങ്ങേറും.