മന്ത്രിയുടെ നിർദേശപ്രകാരം തൃത്താലയിൽ ശുചീകരണവുമായി ക്ലബ്ബുകളും വായനശാലകളും

തൃത്താല. മാലിന്യമുക്തം നവകേരളം എന്ന മുദ്രാവാക്യമുയർത്തി തൃത്താല മണ്ഡലത്തിൽ വിപുലമായ ശുചീകരണം നടത്തി ക്ലബ്ബുകളും വായനശാലകളും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ക്ലബ്ബുകളും വായനശാലകളും ശുചീകരണത്തിന് ഇറങ്ങിയത്. ശുചീകരണത്തിന് ശേഷം അതാത് പ്രദേശങ്ങളുടെ സൗന്ദര്യവത്കരണവും പരിപാലനവും ക്ലബ്ബുകളും വായനശാലകളും ഏറ്റെടുത്തിരിക്കുകയാണ്. ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മറ്റ് ക്ലബ്ബുകളും വായനശാലകളും ഈ മാതൃക പിന്തുടർന്ന് രംഗത്തിറങ്ങണമെന്ന് മന്ത്രി അഭ്യർഥിച്ചു.
ഫ്രണ്ട്‌സ് കൊള്ളനൂർ പ്രവർത്തകർ കാഞ്ഞിരത്താണി- കോക്കൂർ റോഡിലും, നവയുഗ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചെറുചാൽപ്രം സെന്ററിലും, സമന്വയ ക്ലബ്ബ് ഞാങ്ങാട്ടിരി ബദാം ചുവട് പ്രദേശത്തും, അരുണോദയം വായനശാലയും ക്ലബും കോതച്ചിറ സെന്ററിലും, യുവജന വായനശാല മുടവന്നൂരിലും, സർഗം ക്ലബ്ബ് പിലാക്കാട്ടിരിയിലും, ടികെയു ജനകീയ വായനശാല ഞാങ്ങാട്ടിരി സെന്ററിലും, പരുതൂർ യുവധാര ക്ലബ് നന്നംകുളം മുതൽ യുവധാര ഗ്രൗണ്ട് വരെയും, വർണന ആർട്സ് & സ്പോർട്സ് ക്ലബ്ബ് കുമരനെല്ലൂർ സെന്റർ മുതൽ മൃഗാശുപത്രി റോഡ് വരെയും ശുചിത്വപ്രവർത്തനങ്ങളുമായി ശുചീകരണത്തിന് രംഗത്തിറങ്ങി. ഇതോടൊപ്പം തൃത്താല ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ കൂറ്റനാട്-എടപ്പാൾ റോഡിന്റെ വശങ്ങൾ വൃത്തിയാക്കി. വിവിധയിടങ്ങളിൽ ഹരിതകർമ്മസേനാ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരും നാട്ടുകാരും അണിനിരന്നു.